'അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയില്ല'; ശ്രദ്ധ നേടി യുവന്റെ കുറിപ്പ്

ഇത് ഒരേസമയം കയ്പേറിയതും മധുരമുള്ളതുമായ നിമിഷമാണെന്നും യുവൻ

dot image

വിജയ് നായകനാകുന്ന പുതിയ ചിത്രം ഗോട്ടിലെ രണ്ടാമത്തെ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. 'ചിന്ന ചിന്ന കൺകൾ' എന്ന് തുടങ്ങുന്ന ഗാനം ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം നടന് വിജയ്യും ചേര്ന്നാണ് പാടിയിരിക്കുന്നത്. അർബുദത്തെ തുടർന്ന് മരിച്ച ഭവതാരിണിയുടെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. ഇപ്പോഴിതാ ഗാനത്തെക്കുറിച്ച് യുവൻ ശങ്കർ രാജ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'ചിത്രത്തിലെ രണ്ടാമത്തെ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ വികാരം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. ഈ ഗാനം ഒരുക്കുമ്പോൾ ഇത് എന്റെ സഹോദരിക്ക് വേണ്ടിയാണെന്ന് മനസ്സിൽ തോന്നി. ഭവതരിണി സുഖം പ്രാപിക്കുമ്പോൾ അവളെ കൊണ്ട് റെക്കോഡ് ചെയ്യിക്കാമെന്ന് കരുതി. പക്ഷേ ഒരുമണിക്കൂറിന് ശേഷം അവൾ ഈ ലോകത്ത് നിന്ന് വിടവാങ്ങി എന്ന വാർത്ത വന്നു. അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഗാനം സാധ്യമാക്കിയ എല്ലാവർക്കും നന്ദി,' യുവൻ ശങ്കർ രാജ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇത് ഒരേസമയം കയ്പേറിയതും മധുരമുള്ളതുമായ നിമിഷമാണെന്നും അദ്ദേഹം പറയുന്നു.

ഇളയരാജയുടെ മകളും തെന്നിന്ത്യൻ പിന്നണി ഗായികയുമായ ഭവതാരിണി ജനുവരി അഞ്ചിന് കരളിലെ അർബുദത്തെ തുടർന്നാണ് മരണപ്പെട്ടത്. ഗായികയ്ക്ക് ആദരസൂചകമായാണ് എഐ സാങ്കേതിക മികവ് ഉപയോഗിച്ച് ഗാനത്തിൽ ഭവതാരിണിയുടെ ശബ്ദമുപയോഗിച്ചിരിക്കുന്നത്. കബിലൻ വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവനാണ്.

ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണ് വിജയ് നായകനാകുന്ന ഗോട്ട്. നടൻ ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image