
കൽക്കി ആരാധകരെ ആകാംക്ഷയിലാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിലെത്തുന്നത്. പ്രേക്ഷകരെ ആവേശത്തിലാക്കി ഒരുങ്ങുന്ന ഈ മൾട്ടി സ്റ്റാർ പാൻ ഇന്ത്യൻ ചിത്രം ഒന്നിൽ നിൽക്കുന്നതല്ല എന്നതാണ് ഒരു അഭ്യൂഹം. ചിത്രത്തിന് മൂന്ന് മുതൽ അഞ്ച് വരെ ഭാഗങ്ങളുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
മറ്റൊരു വാർത്ത കമൽ ഹാസനെ കുറിച്ചുള്ളതാണ്. കൽക്കിയിലെ ട്രെയ്ലറിൽ വെറും സെക്കൻഡുകളിൽ മിന്നി മറഞ്ഞു പോകുന്ന കമൽ ഹാസന് സിനിമയിലും സ്ക്രീൻ സ്പേസ് കുറവാണെന്നാണ് വിവരം. 20 മിനിറ്റ് മാത്രമാണ് താരം പ്രത്യക്ഷപ്പെടുക. എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തിൽ കമൽ ഹാസന് ഒരു മണിക്കൂർ സ്ക്രീൻ സ്പേസ് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇനിയും പ്രേക്ഷകരറിയാത്ത നിരവധി സർപ്രൈസുകൾ കൽക്കി ടീം കാത്തുവെച്ചിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളും അഭിപ്രായപ്പെടുന്നത്. ജൂൺ 27നാണ് കൽക്കി 2898 എ ഡി ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.
തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് 'കൽക്കി 2898 എഡി'യുടെയും പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. 600 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.