
വിജയ് സേതുപതിയുടെ 50-ാം ചിത്രമായ 'മാഹാരാജ' തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. താരത്തിന്റെ കരിയറിലെ മികച്ച വേഷമാണ് മഹാരാജ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും നിരവധി സിനിമകൾ ചെയ്ത വിജയ് സേതുപതി സിനിമകൾ വിജയിക്കുന്നതിനെ കുറിച്ച് അടുത്തിടെ സംസാരിക്കുകയുണ്ടായി.
മികച്ച തിരക്കഥയും മികച്ച പ്രകടനവും കാഴ്ച്ചവെച്ചിട്ടും തന്റെ അവസാനത്തെ ചില സിനിമകൾ വിജയം കാണാതെ പോയിരുന്നു. ആ സിനിമകൾക്കൊന്നും പ്രൊമോഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമ വിജയിക്കുന്നതിൽ പ്രമോഷൻ പരിപാടികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് താരം അഭിപ്രായപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഒരു സിനിമയ്ക്ക് വേണ്ടി പ്രൊമോഷൻ ചെയ്യാൻ നിർമ്മാതാവിനോട് പറഞ്ഞിട്ടും അവഗണിച്ചതിൻ്റെ ഫലത്തെ ഉദാഹരണമാക്കിയും താരം പറഞ്ഞു. അതൊരു അനുഭവമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമയ്ക്ക് തനിക്ക് ചില വേഷങ്ങൾ നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു.
രജനികാന്തും ഷാരൂഖ് ഖാനും കമൽഹാസനും എൻ്റെ സിനിമകളെയും ഞാൻ ചെയ്ത കഥാപാത്രങ്ങളെയും ശ്രദ്ധിക്കുകയും അവർ മികച്ചത് എന്ന് പറയുമ്പോൾ വളരെ സന്തോഷം തോന്നുകയും ചെയ്യാറുണ്ട്, വിജയ് സേതുപതി കൂട്ടിച്ചേർത്തു. 'മഹാരാജ'യ്ക്ക് ശേഷം 'വിടുതലൈ പാർട്ട് 2', 'ഗാന്ധി ടോക്സ്' എന്നീ ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.