
കോളിവുഡിന് ഇത് റീ-റിലീസുകളുടെ കാലമാണ്. നിരവധി തമിഴ് സിനിമകളാണ് രണ്ട്-മൂന്ന് മാസത്തിനുള്ളിൽ റീ-റിലീസ് ചെയ്തത്. പുതിയ സിനിമകൾ ബോക്സ് ഓഫീസിൽ വിജയിക്കാത്തതാണ് പഴയ സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്നതിന്റെ കാരണമെന്ന അഭിപ്രായം പല കോണുകളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും സൗത്ത് ഇന്ത്യൻ പ്രേക്ഷകർ റീ-റിലീസുകളെ ആഘോഷമാക്കുന്നുണ്ട്.
കമൽ ഹാസൻ ചിത്രങ്ങളുടെ റീ റിലീസാണ് ഇതിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത്. രണ്ട് മാസത്തിനിടെ നാല് സിനിമകളാണ് കമൽ ഹാസന്റേതായി വീണ്ടും റിലീസ് ചെയ്തത്. പട്ടികയിലേക്ക് ഇപ്പോൾ 'ഗുണ' സിനിമ കൂടി ചേർന്നിരിക്കുകയാണ്. 1991-ൽ കമൽ ഹാസനും റോഷിനിയും പ്രധാന താരങ്ങളായ സൈക്കോളജിക്കൽ റൊമാന്റിക് ഡ്രാമയാണ് ഗുണ. മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ഗുണ വീണ്ടും സിനിമ ലോകത്ത് ചർച്ചയായിരുന്നു.
ജൂൺ 21-ന് ഗുണ വീണ്ടും റിലീസ് ചെയ്യുമെന്നാണ് വിവരം. അതേസമയം, രാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കൽക്കി 2898 എ ഡി'യിൽ കമൽ ഹാസൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂൺ 27-ന് റിലീസിനെത്തും. 1996-ൽ പുറത്തിറങ്ങിയ കമൽ ഹാസന്റെ കൾട്ട് ക്ലാസിക് ചിത്രം 'ഇന്ത്യൻ്റെ' സീക്വൽ 'ഇന്ത്യൻ 2' ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. ശങ്കർ സംവിധാനത്തിലൊരുങ്ങുന്ന സിനിമ അവസാന ഘട്ടത്തിലാണ്. ജൂലൈ 12-നാണ് ഇന്ത്യൻ 2 പുറത്തെത്തുന്നത്.
ഭവതാരിണി വീണ്ടും പാടും, എഐയുടെ സഹായത്തോടെ; ഗായികയ്ക്ക് 'ഗോട്ട്' ടീമിന്റെ ആദരം