
തിയേറ്റർ വിജയത്തിന് ശേഷം മലയാളി പ്രേക്ഷകർ ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ചിത്രം ഉടൻ ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന തരത്തിൽ വാർത്തകളെത്തിയിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും എത്തിയിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് റിലീസ് ഇനിയും വൈകിയേക്കും.
സിനിമയുടെ ഒിടിടി അവകാശം ഇതുവരെ വിറ്റുപോയിട്ടില്ല എന്നാണ് അനലിസ്റ്റായ എ ബി ജോർജ് എക്സിലൂടെ അറിയിച്ചത്. ആടുജീവിതത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വാങ്ങി എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഡിസ്നിക്ക് 'ആടുജീവിതം' സിനിമയിൽ ഇതുവരെ അവകാശമില്ലെന്നും വിവരമുണ്ട്.
സിനിമാ നിർമ്മാതാക്കൾ ഏത് ഒടിടിക്ക് നൽകണം എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിർമ്മാതാക്കളുടെ ആദ്യ പരിഗണന ഒരു ഓസ്കർ ക്യംപെയ്നിനായുള്ള കരാറിലാണ് . ഇതുകൂടാതെ, അന്താരാഷ്ട്ര സ്ക്രീനിംഗുകളും പ്രൊമോഷണൽ സ്ട്രാറ്റജികളും ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടതിനാൽ ഒടിടി സാറ്റലൈറ്റ് അവകാശത്തെ കുറിച്ചുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബ്ലെസി സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടിയിരുന്നു. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
കാൻ താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി