
തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ ഈ വർഷം കോളിളക്കം സൃഷ്ടിക്കാൻ കെൽപ്പുള്ള സിനിമ എന്ന വിശേഷണമാണ് 'പുഷ്പ ദ റൂളി'നുള്ളത്. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന അല്ലു അർജുൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത് മുതൽ അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. റിലീസിനോടടുക്കുമ്പോൾ അവസാനഘട്ട മിനുക്കു പണികളിലാണ് അണിയറ പ്രവർത്തകർ. എന്നാൽ ചിത്രം കുറച്ച് വൈകിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
ചിത്രത്തിൻറെ ഷൂട്ടിംഗ് ജോലികൾ ജൂൺ അവസാനത്തോടെ പൂർത്തികരിക്കാനാണ് പദ്ധതികൾ ഉണ്ടായിരുന്നത്. പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞ് ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി കുറിച്ചിരുന്നത്. എന്നാൽ ജൂലൈയിലേക്ക് ഷൂട്ടിംഗ് നീളുമെന്നാണ് തെലുങ്ക് 360യുടെ റിപ്പോർട്ട്. ചിത്രത്തിൻ്റെ ബജറ്റ് കൂടി ഉയർന്നതോടെ നിർമ്മാതാക്കൾ അടക്കം ഇക്കാര്യത്തിൽ സമ്മർദ്ദത്തിലാണെന്നും വിവരമുണ്ട്. ഫഹദ് ഫാസിലിൻറെ ഡേറ്റ് താമസിച്ചതും ഷൂട്ടിംഗ് നീളാൻ കാരണമായതായും തെലുങ്ക് 360 റിപ്പോർട്ട് ചെയ്യുന്നു.
മാത്രമല്ല പുഷ്പ ആദ്യ ഭാഗത്തിന്റെ എഡിറ്റാറായ റൂബൻ ചിത്രത്തിൽ നിന്നും പിൻമാറിയത് തിരിച്ചടിയായിട്ടുണ്ട്. റൂബൻ പിൻമാറിയതിന് പിന്നാലെ പ്രമുഖ എഡിറ്ററായ നവീൻ നൂലിയാണ് പുഷ്പ 2-ന്റെ നിലവിലുള്ള എഡിറ്റർ. റിലീസിന് മുൻപ് തന്നെ വമ്പൻ തുകയ്ക്ക് തിയേറ്റർ റൈറ്റ്സുകളും, ഒടിടി, ഓഡിയോ റൈറ്റ്സിന്റെയും വില്പന നടന്ന ചിത്രമാണ് പുഷ്പ ദ റൂൾ. ഉത്തരേന്ത്യയിൽ മാത്രം 200 കോടിയുടെ വിതരണ കരാർ ചിത്രത്തിന് ലഭിച്ചെന്നും മാധ്യമങ്ങൾ കുറിച്ചിരുന്നു.
മൈത്രി മൂവി മേക്കേഴ്സാണ് സിനിമയുടെ നിർമ്മാണം. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പുഷ്പ 2-വിലെ പ്രധാന താരങ്ങൾ. അഞ്ച് ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നത്. പുഷ്പ 2-ന്റെ ടീസറും പാട്ടുകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.