

മലയാള സിനിമയിലെ പ്രോമിസിങ് ഡയറക്ടർമാരുടെ പട്ടികയിൽ ഇടം പിടിച്ച സംവിധായകനാണ് അമൽ നീരദ്. മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി ഒരുക്കി ഹിറ്റടിച്ചതോടെ അമൽ നീരദ് എന്ന പേര് മലയാള സിനിമയിൽ അടയാളപ്പെടുത്തി തുടങ്ങി. പിന്നീട് സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഭീഷ്മപർവ്വം തുടങ്ങി ഒന്നിന് പുറകെ ഒന്നായി പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രങ്ങൾ. അമലിന്റെ ചിത്രങ്ങൾക്കായി ഓരോ പ്രേക്ഷകനും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഷറഫുദീനും ഒന്നിക്കുന്ന പുതിയ ചിത്രം. എന്തായാലും അമലിന്റെ ആ പതിവ് ശൈലിയിൽ വിട്ടുവീഴ്ച ഉണ്ടാക്കാൻ സാധ്യതയില്ല. ആക്ഷനും മാസിനും പ്രധാന്യം നൽകി കൊണ്ടുള്ളതാണ് അണിയറയിലെ പുതു ചിത്രവും എന്നത് ഉറപ്പാണ്. കയ്യിൽ തോക്കേന്തി മുഖത്തെ രൂക്ഷ ഭാവവും തുറിച്ചുള്ള നോട്ടവും കൊണ്ട് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ ട്രെൻഡിയായി കഴിഞ്ഞു ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
കാഞ്ചി വലിപ്പിക്കാൻ അമൽ നീരദ്; റെഡിയായി ഫഫയും ചാക്കോച്ചനും ജ്യോതിർമയിയുംസിനിമയിലെ കാസ്റ്റിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ട്രെൻഡിങ്ങായതിനു പിന്നാലെ വേറെയും നടന്മാരുടെ ഇത്തരം പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നിവിൻ പോളി അമൽ ചിത്രത്തിൽ ഉണ്ടെന്ന തരത്തിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഫാൻ മേഡ് പോസ്റ്റർ ആണെന്ന് പലരും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള അപ്ഡേറ്റുകൾ പ്രകാരം നിവിൻ പോളി അമൽ ചിത്രത്തിൽ ഇല്ലെന്നാണ് അറിയാൻ സാധിക്കുന്നത്. ജ്യോതിര്മയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ എന്നിവർ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള അഭിനേതാക്കൾ. മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.



മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, തുടങ്ങി ബോളിവുഡിലെ ഷാരൂഖാനെ വരെ ഉൾപ്പെടുത്തി സിനിമയിലെ പോസ്റ്ററിന് സമാനമായ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ചിത്രത്തിന്റെ പ്രമേയം എന്നും മറ്റ് അണിയറ പ്രവർത്തകർ ആരാണെന്നുമുള്ള കാര്യങ്ങൾ വൈകാതെ പുറത്തുവരും എന്നാണ് പ്രതീഷിക്കുന്നത്. എന്തായാലും ഒരുങ്ങുന്നത് ഒരു ഇടിവെട്ട് ആക്ഷൻ ചിത്രം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.