
പുതിയ വീട് പണിതതിന് പിന്നാലെ ബോളിവുഡ് താരം ഇമ്രാൻ ഖാന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇങ്ങനെയൊരു വീട് നിർമ്മിക്കാൻ നടനെങ്ങനെയാണ് പണം ലഭിച്ചത് എന്നായിരുന്നു ഭൂരുഭാഗം ആളുകളുടെയും സംശയം. എന്നാൽ ഈ ചോദ്യത്തിന് ഇമ്രാൻ ഖാൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
എങ്ങനെയാണ് ഇമ്രാന് ഇത്തരമൊരു വില്ല പണിയാൻ പണം വരുന്നതെന്നായിരുന്നു ഒരു ഉപയോക്താവിന്റെ ചോദ്യം, ഇതിന് തമാശ രൂപത്തിൽ താരത്തിന്റെ മറുപടി ഇങ്ങനെ, 'ഞാൻ 2000ന്റെ പകുതി കാലഘട്ടങ്ങളിൽ കുറച്ച് സിനിമകൾ അഭിനയിച്ചിരുന്നു.' 'നല്ല മികച്ച ഉത്തരം' എന്നാണ് താരത്തിന്റെ കമന്റിന് വന്ന പ്രതികരണം.
താൻ തന്നെ ഡിസൈൻ ചെയ്ത പുതിയ വീടിൻ്റെ ഫോട്ടോയാണ് ഇമ്രാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ചെയ്ത കാര്യങ്ങളിലൊന്ന് ഒരു വീട് പണിയുക എന്നതായിരുന്നു. കുറച്ച് സിനിമകളിൽ ഞാൻ ഒരു ആർക്കിടെക്റ്റായി അഭിനയിച്ചിട്ടുണ്ടെങ്കിലും, എനിക്ക് യഥാർത്ഥത്തിൽ ആർക്കിടെക്റ്റാകാൻ കഴിയില്ലല്ലോ. എന്നിരുന്നാലും ഞാൻ എന്റെ വീടിനുള്ള സ്ഥലം കണ്ടെത്തി, പണികൾ ആരംഭിച്ചു,' എന്നാണ് താരം കുറിച്ചത്.