
അടിയുടെ തുടക്കം പള്ളി പെരുന്നാളിൽ, പിന്നീടങ്ങോട്ട് എന്തായിരുന്നു പുകിൽ... വലിയ സംഭവം ഒന്നുമല്ല ചിത്രം എന്ന് മമ്മൂട്ടിയും അണിയറ പ്രവർത്തകർ ഒന്നടങ്കം പറഞ്ഞെങ്കിലും വരുന്നത് ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കും എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു ആരാധകർ. ആ കണക്കുകൂട്ടൽ തെറ്റിയില്ല അടിയുടെ വെടിക്കെട്ട് പൂരം. ചാടി മറിഞ്ഞു മമ്മൂട്ടി പറന്ന് അടിച്ചപ്പോൾ വാ പൊളിച്ച് ആ മാസ്സ് നോക്കി നിന്ന വില്ലൻ 'വെട്രിവേൽ ഷണ്മുഖ സുന്ദരം' അയാളാണ് ഈ കഥയിൽ താരം.
അതിശക്തനായ ഒരു വില്ലനുണ്ടാകുമ്പോഴാണല്ലോ നായകൻ കൂടുതൽ ശക്തനാകുന്നത്, വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ചിരിയിലും നോട്ടത്തിലും എന്തിനേറെ ഓരോ ചുവടിൽ പോലും ആ വില്ലൻ തെളിഞ്ഞിരുന്നു. മാസ്സ് ഇൻട്രോ നൽകി മലയാളത്തിലേക്ക് വരവേൽക്കുകയാണ് രാജ് ബി ഷെട്ടി എന്ന നടനെ.വില്ലൻ കഥാപത്രങ്ങൾ കൈക്കുള്ളിൽ വെച്ച് ആറാടുന്ന രാജ് ബി ഷെട്ടി കന്നഡ സിനിമകളിലെ ഓൾ ഇൻ വൺ ആണ് എന്ന് പറഞ്ഞാൽ സംശയിക്കേണ്ട. അത്രമാത്രം സ്റ്റഫുണ്ട് അയാൾക്കുള്ളിൽ. കന്നഡ സിനിമയിൽ നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഇൻഡസ്ട്രിയെ കൈക്കുള്ളിലാക്കിയ രാജ് ബി ഷെട്ടി ഇന്ന് പാൻ ഇന്ത്യൻ വില്ലനാണ്.
കർണാടകയിൽ ഭദ്രാവതിയിൽ ജനനം. റേഡിയോ ജോക്കിയായാണ് തുടക്കം. പിന്നീട് നിരവധി ഷോർട്ട് ഫിലിമുകളിലൂടെ അഭിനയത്തിലേക്കുള്ള ചുവടുവെപ്പ്. സിനിമയോടുള്ള അടങ്ങാത്ത ഭ്രാന്ത് അയ്യാളെ ബിഗ് സ്ക്രീനിൽ എത്തിച്ചു. തീർന്നിട്ടില്ല കഥ തുടങ്ങാൻ പോകുന്നതേയുള്ളൂ, സ്വന്തം തിരക്കഥയിലും സംവിധാനത്തിലും ആദ്യ ചിത്രം 'ഒണ്ടു മൊട്ടയ കത്തെ' 2017 ൽ പുറത്തിറങ്ങുന്നു. ചിത്രത്തിൽ നായകനായി അഭിനയം. ചരിത്രം ഇവിടെ കുറിക്കപ്പെടുന്നു. അന്നുവരെ കണ്ട എല്ലാ നായക സങ്കല്പങ്ങളെയും തച്ചുടച്ച് ഒരു കഷണ്ടി തലയുള്ളയാൾ നായകനാകുന്നു. ഡോ രാജ് കുമാറിന് കന്നഡ സിനിമാ ലോകം ഇന്ന് വരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആദരവ് കൂടെയായിരുന്നു ചിത്രം. ബോഡിഷെമിങ് എന്ന അതികാഠിന്യമുള്ള വിഷയത്തെ നർമത്തിൽ ചാലിച്ച് അവതരണം.ജനാർദ്ദന എന്ന കഥാപാത്രം തിയേറ്ററുകളിൽ നിറഞ്ഞാടി.
പിന്നീട് രാജ് ബി ഷെട്ടി തനിക്കായി എഴുതിയത് അടിമുടിയൊരു ഇടി പടമായിരുന്നു. 'ഗരുഡ ഗമന വൃഷഭ വാഹന' അതില്ലയാൾ ശിവയായി അവതരിച്ചു. സംവിധാനവും ഇദ്ദേഹം തന്നെ. അതുവരെ കണ്ട കന്നഡ സിനിമകളിൽ നിന്നും വ്യത്യസ്തമായൊരു ഗ്യാങ്സ്റ്റർ പടം. വില്ലനായി അവതരിച്ച ശിവയെ ഇരുകയ്യും നീട്ടിയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഈ സിനിമയാണ് രാജ് ബി ഷെട്ടിയുടെ കരിയറിന് വലിയൊരു മുതൽകൂട്ടായത്.
മനുഷ്യന്റെയും നായയുടെയും സ്നേഹബന്ധത്തിന്റെ കഥപറഞ്ഞ 'ചാർലി'യും കളക്ഷൻ റെക്കോർഡുകൾ മറികടന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടിയ 'കാന്താരയും അങ്ങനെ ആ കൂട്ട് കെട്ടിനെ ശക്തിപ്പെടുത്തി. റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി. ഇവരുടെ സൗഹൃദ വലയത്തിൽ പിറവിക്കൊണ്ട ഒരുപിടി നല്ല ചിത്രങ്ങൾ കന്നഡയിൽ റെക്കോർഡുകൾ വാരി കൂട്ടുന്നു.
സ്വന്തം തിരക്കഥയിലെ നായകനെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രമായിരുന്നു 'ടോബി' എന്ന ചിത്രത്തിലേത്. പല വേഷത്തിൽ രൂപമാറ്റം വരുത്തി ടോബിയിലും രാജ് ബി ഷെട്ടി വിസ്മയിപ്പിച്ചു. അങ്ങനെ എട്ടു വർഷം കൊണ്ട് പന്ത്രണ്ടോളം സിനകളിലൂടെ അയാൾ ഒരു ബ്രാൻഡ് ആയി മാറി. നിരവധി അവാർഡുകൾ വാരി കൂട്ടി. ഇപ്പോഴിതാ മലയാളികളെയും കോരി തരിപ്പിക്കുന്നു. മമ്മൂക്കക്കൊപ്പം മലയാളത്തിലേക്ക് കാലെടുത്ത് വെച്ച രാജ് ബി ഷെട്ടി ഇവിടെയും അരങ്ങു തകർക്കുകയാണ്.