
തമിഴ് യുവതാരനിരയിലേക്ക് വരവറിയിച്ചിരിക്കുകയാണ് കവിൻ. 'ഡാഡാ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കവിന്റെ 'സ്റ്റാർ' എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇലൻ സംവിധാനം ചെയ്ത് മെയ് 10-ന് റിലീസായ സ്റ്റാറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ ബോക്സ് ഓഫീസിൽ ആദ്യ ദിനം നേടിയത് 2.70 കോടി രൂപയാണ്.
ചെന്നൈയിലെ തിയേറ്ററുകളിൽ 61.33 ശതമാനം ഒക്യുപെൻസിയും രേഖപ്പടുത്തിയിട്ടുണ്ട്. ഈ വാരം ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കലൈയരസന് എന്ന കഥാപാത്രത്തെയാണ് കവിൻ അവതരിപ്പിക്കുന്നത്. മദ്ധ്യവർഗ കുടുംബത്തിൽ നിന്നുവരുന്ന കലൈയരസന് സിനിമയിൽ വലിയ നടനാകാൻ പരിശ്രമിക്കുന്നതാണ് സ്റ്റാർ എന്ന ചിത്രം.
നടൻ ലാൽ ആണ് കവിന്റെ അച്ഛനായി അഭിനയിക്കുന്നത്. കൂടാതെ ഗീത കൈലാസം, പ്രീതി മുകുന്ദൻ, അതിഥി പൊഹന്കർ തുടങ്ങിയവരും സിനിമയിലെ പ്രധാന താരങ്ങളാണ്. തിയേറ്ററിൽ നിന്ന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളോടൊപ്പം കവിൻ എന്ന നടന്റെ പ്രകടനത്തിനും പ്രശംസകളേറെ ലഭിക്കുന്നുണ്ട്.