
May 17, 2025
07:09 AM
മണിരത്നവും ഉലകനായകൻ കമൽഹാസനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'തഗ് ലൈഫി'ന്റെ ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങൾ ഇപ്പോൾ ആരാധകരെ ഞെട്ടിക്കുകയാണ്. കമൽ ഹാസൻ, അഭിരാമി, ചിമ്പു തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ കമൽഹാസന്റെ ലുക്കിൽ അമ്പരന്നിരിക്കുകയാണ് ആരാധകർ. വീണ്ടും ചെറുപ്പക്കാരനാവുകയാണോ താരം എന്നാണ് കമന്റുകൾ. കമൽ ഹാസന്റെ തൊട്ടടുത്തു തന്നെയാണ് അഭിരാമിയും നിൽക്കുന്നത്. പഴയ 'വിരുമാണ്ടി' സിനിമ ഓർമ്മ വരുന്നു എന്നും പ്രതികരണങ്ങളുണ്ട്.
നിലവിൽ ഡൽഹിയിൽ തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.