സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിയുതിർത്ത പ്രതിയുടെ മരണം; സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ഹർജി നൽകിയതിന് ശേഷമാണ് അനുജിന്റെ മൃതദേഹവുമായി ബന്ധുക്കൾ പഞ്ചാബിലേക്ക് മടങ്ങിയത്

dot image

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. പ്രതിയായിരുന്ന അനുജ് തപന്റെ ബന്ധുക്കളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി നൽകിയതിന് ശേഷമാണ് അനുജിന്റെ മൃതദേഹവുമായി ബന്ധുക്കൾ പഞ്ചാബിലേക്ക് മടങ്ങിയത്.

പ്രതി തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപൻ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിക്കുന്നത്.

കേസിൽ മുഖ്യ പ്രതികൾക്ക് തോക്കുകൾ കൈമാറിയത് 32കാരനായ തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്. കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച അനുജ് തപനെ മുംബൈയിലെ ജി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെ മരിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം 14നാണ് സല്മാന് ഖാന്റെ വീടിന് നേര്ക്ക് വെടിവെയ്പുണ്ടായത്. ആക്രമണത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില് അന്വേഷണം പുരോഗമിക്കവേയാണ് ഈ സംഭവം. ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളാണ് താരത്തിന്റെ വീടിനു നേരെ വെടിവെച്ചത്. സോഷ്യൽ മീഡിയയിലൂടെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ സൽമാൻ ഖാന് നേരെ വധഭീഷണിയും ഉയർത്തിയിരുന്നു.

dot image
To advertise here,contact us
dot image