'മുത്തുപാണ്ടിക്ക് മട്ടും അല്ലൈ, ധനലക്ഷ്മി എങ്കൾക്കും ഉയിർ', റീൽസിൽ റാണി തൃഷ

തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇടം നേടാൻ എന്ന മട്ടിൽ കൂമ്പാരമായാണ് റീൽസുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്

dot image

വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വലിയ വിജയം നേടിയ ചിത്രമാണ് ഗില്ലി. ധരണിയുടെ സംവിധാനത്തില് ഒരുങ്ങിയ ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തപ്പോൾ വലിയ ആവേശത്തോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററുകളിലെത്തിയ ആരാധകർ ചിത്രത്തിലെ ഗാനങ്ങൾക്ക് ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ റീൽസിലെ റാണി തൃഷയാണ്. ഗില്ലി സിനിമയിലെ തൃഷയെ അവതരിപ്പിക്കുന്ന ഗാനത്തിനാണ് ആരാധകർ കൂടുതൽ.

'ഷാ ലാ ല' എന്ന് തുടങ്ങുന്ന ഗാനത്തിന് നിരവധി പേരാണ് റീലിസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റീൽസിൽ മെൻഷൻ ചെയ്യുന്ന നിരവധി പേരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി തൃഷയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ ഇടം നേടാൻ എന്ന മട്ടിൽ കൂമ്പാരമായാണ് റീൽസുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.

ചിത്രത്തിലെ ഗാനത്തിലെ താരത്തിന്റെ അതേ കോസ്റ്യൂമിൽ വസ്ത്രം ധരിച്ചാണ് റീൽസുകൾ. ചിത്രത്തിലെ എല്ലാ ഗാനങ്ങളും വീണ്ടും ട്രെൻഡിങ് ആയികൊണ്ടിരിക്കുകയാണ്. ഗില്ലി സിനിമയിലെ വിജയും തൃഷയും ചേർന്ന് അഭിനയിച്ച രംഗങ്ങൾക്കും ആരാധകർ ഏറെയാണ്. ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി കൊണ്ടിരിക്കുകയാണ്. വിദ്യാസാഗറാണ് ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഒരു റീ റിലീസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളാണ് ഗില്ലിക്ക് ലഭിക്കുന്നത്. അത് തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതുമല്ല. കേരളത്തിലും കർണാടകയിലും എന്തിനേറെ സിംഗപ്പൂരും ശ്രീലങ്കയിലുമെല്ലാം ആരാധകർ ഗില്ലിയെ ആഘോഷമാക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗില്ലി റീ റിലീസിന് പ്രീ ബുക്കിങ്ങിലൂടെ മാത്രം മൂന്ന് കോടി രൂപ ലഭിച്ചതായാണ് സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നത്.

2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്ക്ക് മുന്നിലെത്തുമ്പോള് ഗില്ലിക്ക് 20 വയസാണ്. എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്യുടെ ആദ്യ 50 കോടി ക്ലബ്ബില് ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

dot image
To advertise here,contact us
dot image