
ദളപതി വിജയ് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗില്ലി' ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുമുൻപ് നിരവധി താരങ്ങളുടെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്. റീ റിലീസിൽ പോലും ചരിത്രം തിരുത്തി കുറിക്കുന്ന സിനിമയിൽ ശരവണവേൽ എന്ന നായക കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് വിജയ്യെ ആയിരുന്നില്ല.
ഗില്ലിയുടെ നിർമ്മാതാക്കൾ ആദ്യം ചിയാൻ വിക്രമിനെ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻ്റെ സംവിധായകൻ ധരണിയും വിക്രമും ദിൽ, ധൂൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കി നിൽക്കുന്ന സമയമായിരുന്നു അത്. ഈ കൂട്ടുകെട്ടിലെ മൂന്നാം ചിത്രമായി ഗില്ലി ഒരുക്കണമെന്നായിരുന്നു അണിയറപ്രവർത്തകരുടെ തീരുമാനം. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ മൂലം ചിയാൻ സിനിമയിൽ നിന്ന് പിന്മാറി. തുടർന്നാണ് അണിയറപ്രവർത്തകർ വിജയ്യെ സമീപിക്കുന്നത്.
സിനിമയിലെ നായികാ കഥാപാത്രമായ ധനലക്ഷ്മിയായി ആദ്യം പരിഗണിച്ചത് ജ്യോതികയെയായിരുന്നു എന്നതും രസകരമായ കാര്യമാണ്. ജ്യോതിക സിനിമയിൽ നിന്ന് വിട്ടുനിന്നതോടെയാണ് കഥാപാത്രം തൃഷയിലേക്ക് എത്തുന്നതും, വിജയ്-തൃഷ ഹിറ്റ് കോംബോ ജനിക്കുന്നതും.
തിയേറ്ററുകളിൽ തകർന്നടിഞ്ഞ വിജയ് ദേവരകൊണ്ട ചിത്രം; ഫാമിലി സ്റ്റാർ ഒടിടിയിലേക്ക്എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.
2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്.