
കോടി ക്ലബിന്റെ നേട്ടത്തിന് ശേഷം തിയേറ്റർ വിട്ട് ഒടിടിയിൽ തിരയിളക്കത്തിനൊരുങ്ങുകയാണ് മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിൽ യുവതാരങ്ങൾ അണിനിരന്ന സർവൈവൽ ത്രില്ലർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തുക. മെയ് മൂന്നിന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. 235 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
'സിന്ദാ ബന്ദാ' ഡാൻസ് ചെയ്ത് മോഹൻലാൽ, നന്ദി പറഞ്ഞ് കിംഗ് ഖാൻ, കൂടെ റിക്വസ്റ്റും; മറുപടി നൽകി താരം