
ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും. ഇരുവരും മാതാപിതാക്കളാകാൻ പോകുന്നു എന്ന വാർത്തയും വലിയ ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. മകൾ റാഹയുടെ ജനനത്തിന് ശേഷം പല അഭിമുഖങ്ങളിലും മകളെ കുറിച്ച് വാചാലരാകുന്ന ആലിയയെയും രൺബീറിനെയും ആരാധകർ കണ്ടിട്ടുണ്ട്. പിന്നാലെ 'ഡാഡീസ് ഗേൾ', 'ഡാഡീസ് എയ്ഞ്ചൽ' എന്നിങ്ങനെയുള്ള വിശേഷങ്ങളാണ് രൺബീറിന്റെ കയ്യിലിരിക്കുന്ന റാഹയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയില് ആരാധകർ നല്കിയ വിശേഷണങ്ങള്.
ഇപ്പോൾ റാഹ ജനിച്ചതിന് ശേഷമുള്ള രൺബീറിന്റെ മാറ്റത്തെ കുറിച്ച് പറയുകയാണ് നടന്റെ അമ്മയും അഭിനേതാവുമായ നീതു കപൂർ. അച്ഛനായതിന് ശേഷം രൺബീറിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്നും ഏറ്റവും നല്ല പിതാവാണ് നടനെന്നും നീതു പറഞ്ഞു. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിലാണ് താരം മകനെ കുറിച്ചും കൊച്ചുമകളെ കുറിച്ചും സംസാരിച്ചത്.
'അച്ഛനായതിന് ശേഷം രൺബീറിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ ശക്തനായ വ്യക്തിയാണ് രൺബീർ. അവൻ പിതാവ് ഋഷി കപൂറിനെ പോലെയല്ല, അദ്ദേഹത്തിന് മക്കളുമായി അധികം അടുപ്പമില്ലായിരുന്നു. എന്നാൽ രൺബീർ റാഹയെ ആദ്യമായി കൈയിലെടുത്തപ്പോൾ ആ മുഖമൊന്ന് കാണേണ്ടതായിരുന്നു. വളരെ ആവേശഭരിതനായിരുന്നു അപ്പോൾ. ഏറ്റവും നല്ല പിതാവാണ് രൺബീർ. സിനിമയിൽ കാണുന്ന ആളല്ല അയാൾ യഥാർത്ഥ ജീവിതത്തിൽ,' നീതു കപൂർ പറഞ്ഞു.
മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് താൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്നായിരുന്നു രൺബീർ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞത്. വീട്ടിൽ നിന്ന് ജോലിക്ക് പോകാൻ പോലും ഇപ്പോൾ ആഗ്രഹമില്ലെന്നും ജീവിതത്തിൽ മുമ്പ് ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ലെന്നും നടൻ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
ലൂസിഫറിനേക്കാൾ 10 കോടി കൂടുതൽ, ഇനി പിടിച്ചാൽ കിട്ടില്ല; 'ആടുജീവിതം' വാരാന്ത്യ ബോക്സ് ഓഫീസിൽ കിംഗ്