
മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താന് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ ആരംഭിക്കുമെന്ന് തരുൺ മൂർത്തി. വളരെ വേഗം ചിത്രീകരിക്കാൻ കഴിയുന്ന സിനിമയല്ല 'എൽ 360'. കാഴ്ചയിലും വിഷയത്തിലും വലിപ്പമുള്ള സിനിമയാണ്. എന്നാൽ ഈ വർഷം തന്നെ റിലീസിനായി ശ്രമിക്കുമെന്നും തരുൺ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിഷുവിന് സിനിമ തുടങ്ങും. ഇപ്പോൾ സിനിമയുടെ ഭാഗമായുള്ള എല്ലാ ആളുകളും അതിനുവേണ്ടിയുള്ള തയാറെടുപ്പുകളിലാണ്. വളരെ വേഗം ചിത്രീകരിക്കാൻ കഴിയുന്ന സിനിമയല്ല. രണ്ട്-രണ്ടര മാസം ചിത്രീകരണത്തിന് ആവശ്യമായി വരും. കാഴ്ചയിലും വിഷയത്തിലും വലിപ്പമുള്ള സിനിമയാണിത്. 2024ൽ തന്നെ തിയേറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും നല്ല രീതിയിൽ മാത്രമേ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കൂ, തരുൺ മൂർത്തി വ്യക്തമാക്കി.
സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് എൽ360. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
മോഹൻലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള് എഴുതുന്ന എഴുത്തുകാരനുമാണ് കെ ആർ സുനിൽ. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരികയാണ്.
'ആടുജീവിതം' ഒടിടിയിൽ എത്തുന്നത് തിയേറ്ററിൽ കാണാത്ത സീനും ചേർത്തുള്ള വേർഷൻ; അപ്ഡേറ്റ്