
ശരീരത്തിലെ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് താത്കാലികമായി വിട്ട് നിൽക്കുകയാണ് സമന്ത. തന്റെ രോഗത്തെ കുറിച്ചും ആ നാളുകളിൽ നേരിട്ട ശാരീരിക-മാനസിക സമ്മർദ്ദത്തെ കുറിച്ചും താരം അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ 'സിറ്റാഡൽ' എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ താൻ ആരോഗ്യപരമായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സമന്ത പറഞ്ഞത് ശ്രദ്ധ നേടുന്നു.
ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള ചിത്രമായതിനാൽ കായികപരമായ ഒരുപാട് അധ്വാനം വേണ്ടി വന്നിരുന്നു. സംഘട്ടന രംഗങ്ങളായിരുന്നു കൂടുതൽ. അങ്ങനെ ഒരിക്കൽ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ടു വീണു. തലയടിച്ചാണ് ഞാൻ താഴെ വീണത്. 'കുഷി' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലും ശാരീരിക അധ്വാനം വേണ്ടി വന്നിരുന്നു, താരം വ്യക്തമാക്കി.
തന്റെ ഹെൽത്ത് കോച്ചായ അൽക്കേഷ് ഷരോത്രിക്ക് സമന്തയുടെ ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും നിരന്തരം ഷൂട്ടിനിടയ്ക്ക് കോളുകൾ വരുമായിരുന്നുവെന്നും നടി പറഞ്ഞു. സംഭവത്തെ കുറിച്ച് അൽക്കേഷ് സമന്തയുടെ വീഡിയോ പോഡ്കാസ്റ്റിലൂടെ വിശദമായി പറഞ്ഞിട്ടുണ്ട്.