
പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിലെ പ്രേക്ഷകര് കാത്തിരുന്ന പാട്ടെത്തി. എ ആര് റഹ്മാന്റെ സംഗീതത്തില് ''പെരിയോനേ.. റഹ്മാനേ....'' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ജിതിന് രാജ് പാടിയ പാട്ടിന് വരികളെഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എ ആര് റഹ്മാനും പൃഥ്വിരാജുമാണ് വീഡിയോയിലുള്ളത്. നജീബിന്റെ വേദനയും ഓര്മ്മകളും തിങ്ങി നിറഞ്ഞിരിക്കുന്ന മരുഭൂമിയലൂടെ എ ആര് റഹ്മാനും സഞ്ചരിക്കുന്നുണ്ട്.
ഈ മാസം 28 നാണ് ആടുജീവിതം റിലീസിനെത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യവിഷ്കാരമായ സിനിമ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഈ ഭാഷകളിലെല്ലാം സ്വന്തം കഥാപാത്രത്തിന് നടന് തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്. ആടുജീവിതം ലൈവ് സൗണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തുന്ന ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.