'താരെ സമീൻ പർ' ടീം വീണ്ടും?; 16 വർഷത്തിന് ശേഷം ഒരു ചിത്രം പങ്കുവെച്ച് ആമിർ ഖാനും ദർഷീൽ സഫാരിയും

ബോളിവുഡിൽ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു 'താരെ സമീൻ പർ'

dot image

2007ൽ പുറത്തിറങ്ങിയ 'താരെ സമീൻ പർ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇഷാനെ അവതരിപ്പിച്ച ദർഷീൽ സഫാരി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നരച്ച മുടിയും താടിയും വളർത്തി നിൽക്കുന്ന ആമിർ ഖാനും ഒപ്പം ദർഷീലും. 16 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്നും കുറച്ച് ഇമോഷണൽ ആണ്, പക്ഷേ ഒരു എനർജി അനുഭവപ്പെടുന്നുവെന്നും ദർഷീൽ കുറിച്ചു. ഇൻസ്റ്റാഗ്രാമിലാണ് ദർഷീൽ ഇക്കാര്യം കുറിച്ചത്.

'16 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു, കുറച്ച് ഇമോഷണൽ ആണ് എങ്കിലും പഴയ എനർജി ലഭിച്ചു. സ്നേഹത്തോടെ എന്റെ ഗുരുവിന് 4 ദിവസം കൂടി കാത്തിരിക്കൂ ഒരു വലിയ പ്രഖ്യാപനത്തിനായി', ദർഷീൽ ഇൻസ്റ്റയിൽ കുറിച്ചു. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ നിരവധി ആരാധകരാണ് ഇത് ചർച്ചയാക്കിയിരിക്കുന്നത്. 'ഞങ്ങൾ ഏറെ കൊതിച്ചിരുന്ന കോംബോ', 'ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു', 'ഞങ്ങളുടെ കുട്ടികാലം മനോഹരമാക്കിയതിന്റെ ഒരു കാരണം നിങ്ങളാണ്', എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ബോളിവുഡിൽ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു 'താരെ സമീൻ പർ'. നിരവധി കുട്ടികളുടെ ഇഷ്ട ചിത്രവും പല സ്കൂളുകളിൽ ഈ ചിത്രം നിരവധി തവണ കുട്ടികൾക്ക് വേണ്ടി പ്രദർശനം നടത്തിയിട്ടുമുണ്ട്. നിരവധി അവാർഡുകളാണ് ചിത്രം വാരികൂട്ടിയത്. 12 കോടി ബഡ്ജറ്റിൽ ആമിർ ഖാൻ തന്നെയാണ് ചിത്രം നിർമ്മിച്ചതും സംവിധാനം ചെയ്തതും. ബോക്സ് ഓഫീസിൽ 100 കോടിയിലധികം രൂപ ചിത്രം നേടുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image