'മഞ്ഞുമ്മൽ ബോയ്സ്' കണ്ടു ഗംഭീരം, മാർവലസ്; കാർത്തിക് സുബ്ബരാജ്

സിനിമ അവസാനിച്ചതിന് ശേഷം കാർത്തിക് ചിദംബരത്തെ കെട്ടിപിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

dot image

'മഞ്ഞുമ്മൽ ബോയ്സ്' കണ്ടു ഗംഭീരം, ഈ മാസ്റ്റർപീസ് ഒരിക്കലും മിസ് ചെയ്യരുതെന്ന് തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. വളരെ മികച്ച രീതിയിലാണ് സിനിമ എടുത്തുവെച്ചിരിക്കുന്നതെന്നും തിയേറ്ററിൽ ആസ്വദിക്കേണ്ട ചിത്രമാണെന്നും കാർത്തിക് കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചാണ് കാർത്തിക് ഇക്കാര്യം അറിയിച്ചത്.

ഇന്നലെയാണ് സംവിധായകൻ ചിദംബരം കാർത്തിക് സുബ്ബരാജിനൊപ്പം ചിത്രം കണ്ടത്. സിനിമ അവസാനിച്ചതിന് ശേഷം കാർത്തിക് ചിദംബരത്തെ കെട്ടിപിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ എഡിറ്റർ കൂടിയായ വിവേക് ഹർഷൻ തിയേറ്ററിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു.

മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകനും മറ്റ് അഭിനേതാക്കളും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കമൽ ഹാസനും മറ്റ് നടന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണങ്ങളാണ് തമിഴ്നാട്ടിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ്നാട്ടിൽ സ്വന്തമാക്കിയത്.

'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image