അഭിനയ ഭ്രാന്തിന്റെ 'മമ്മൂട്ടി'യുഗം, ഭ്രമയുഗം; റിവ്യു

കൊടുമൺ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയും സസ്പെന്സുമാണ് സിനിമ

സ്വാതി രാജീവ്
2 min read|15 Feb 2024, 06:07 pm
dot image

ചുരുളഴിയാത്ത ചതുരംഗക്കളത്തിൽ അകപ്പെട്ടത് പോലെ പ്രേക്ഷകരെ ഭ്രമിപ്പിക്കും മമ്മൂട്ടിയുടെ ഭ്രമയുഗം. ജീവിതവും വികാരങ്ങളും നാടകീയതയും ഏറെയുണ്ടെങ്കില്, കഥപറച്ചിലിന് ഒരുപാട് നിറങ്ങള് വേണ്ട എന്ന് തെളിയിക്കും ഈ സിനിമ... അങ്ങനെ പെരുമകള് ഏറെ പറയാനുണ്ടാകും ഈ സിനിമയെപ്പറ്റി. എന്നാല് ആദ്യം പറയേണ്ടത് അതൊന്നുമല്ല. നാന്നൂറിലേറെ സിനിമകളില് അഭിനയിച്ച ഒരു നടന്റെ ഏറ്റവും ഭ്രമിപ്പിക്കുന്ന അഭിനയ പ്രകടനത്തിന് വേദിയായ സിനിമ എന്നതു തന്നെയാണ് ആദ്യവാക്ക്. തിയേറ്ററില് ആ അനുഭവം അത്രമേല് മനസ്സുനിറക്കുന്നു. ഈ പരകായപ്രവേശത്തിന് സമീപകാല ഇന്ത്യന് സിനിമയില് സമാനതകളില്ല.

കാടിന്റെ നടുക്കുള്ള നിഗൂഢതകൾ നിറഞ്ഞ മന. അവിടെ ഒരു കാരണവര്. ‘വന്നുപെട്ടുപോകുന്ന’ രണ്ട് മനുഷ്യര്. മൂന്ന് കഥാപാത്രങ്ങളെ വെച്ച് ഒരു മുഴുനീള സിനിമ എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നിടത്ത് തുടങ്ങുന്നു ഈ മലയാള സിനിമയുടെ ലോകനിലവാരം. കൊടുമൺ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയും സസ്പെന്സുമാണ് സിനിമ. അയാളുടെ മാന്ത്രികവും താന്ത്രികവുമായി ശക്തി പ്രകടിപ്പിക്കുന്ന ആദ്യ പകുതി. കഥാപാത്രത്തിന്റെ ഉള്ളിലെ കാണാവഴികള് ചുരുളഴിയുന്ന രണ്ടാം പകുതി. സർഗ്ഗാത്മകതയുടെയും പുതുമയുടെയും കൃത്യമായ മിശ്രിതം ഈ സിനിമയുടെ കഥാഗതിയെ അതിമനോഹരമായി നിയന്ത്രിക്കുന്നു.

മാടനും മറുതയും യക്ഷിയും ദുർമന്ത്രവാദിയും ചാത്തനും കരിമ്പൂച്ചയും കാലൻകോഴിയും. മൂന്ന് നിലകളുള്ള മനയിലെ ദുരൂഹത നിറഞ്ഞ ഇടനാഴിയും അറകളും ചങ്ങലക്കിലുക്കവും. ഒരു ഹൊറർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ സിനിമയിൽ ഉണ്ടെങ്കിലും ഇത് അതിനപ്പുറം ഒരു അസാധാരണ സിനിമയാകുന്നു.

അമാനുഷികതയുടെയും ഭ്രമിപ്പിക്കലിന്റെയും ഇടയിലൂടെ പറഞ്ഞുറപ്പിക്കുന്ന രാഷ്ട്രീയം ഈ സിനിമയെ ഈ കാലത്തിന്റേതു കൂടിയാക്കുന്നു. അധികാരത്തിന്റെ സുഖലോലുപതയിൽ കഴിയുന്നവർക്ക് എന്തും ചെയ്യാനുള്ള വെറും ഉപകരണങ്ങളാകുന്ന കീഴാളരുടെ ദുരവസ്ഥ. ഭയം കാരണം അവരുടെ പിടിവള്ളിയിൽ നിന്ന് ഊരിപ്പോകാനാകാത്തതിലെ സംഘർഷം. എങ്കിലും ഭയത്തിന്റെ കോട്ടയിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവർ തേടുന്നു. അധികാരം പിടിച്ചെടുക്കുമ്പോൾ അവിടെ രൂപം കൊള്ളുന്ന പക. അധികാരത്തിന്റെ താക്കോല് തങ്ങളുടെ കയ്യിലായി എന്ന് തോന്നുന്നിടത്ത് തുടങ്ങുന്ന തമ്മിലടി. പതിനേഴാം നൂറ്റാണ്ടിലെ ഇരുണ്ട കാലത്തിന്റെ കഥ പറഞ്ഞ ചിത്രം അങ്ങനെ ചിലയിടങ്ങളില് ഈ കാലത്തെ അധികാരത്തിന്റെ ഇരുണ്ട ചില ഇടനാഴികളെ ഓര്മ്മിപ്പിക്കുന്നത് യാദൃച്ഛികമാകാന് ഇടയില്ല.

പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി മാറി എന്നതിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട് ഭ്രമയുഗം. ഓരോ സിനിമ കഴിയുമ്പോഴും ആ നടനമികവിന് ലഭിക്കുന്ന വാഴ്ത്തലുകളാണ് സാക്ഷ്യം. കൊടുമൺ പോറ്റിയെന്ന കൊടുംവില്ലന്റെ ഓരോ ചേഷ്ഠകള്ക്കും തിയേറ്ററിൽ നിറയുന്നു കയ്യടികൾ. മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്ന അർജുൻ അശോകൻ. ഇതുവരെ കാണാത്ത കഥാപാത്രവുമായി സിദ്ധാർത്ഥ് ഭരതൻ.

ആസ്വാദകനെ സംബന്ധിച്ച് സിനിമ തുടക്കം മുതൽ ഒടുക്കം വരെ മടുപ്പ് തോന്നാതെ കാണാനാകുക എന്നതാണ് പ്രധാനം. ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അതിനപ്പുറമാണ് ഭ്രമയുഗം കാണിച്ച് തരുന്നത്. ദൈവത്തിലല്ല വിധിയിലാണ് വിശ്വാസമെന്ന് കൊടുമൺ പോറ്റിയെക്കൊണ്ട് പറയിപ്പിക്കുന്ന ടി ഡി രാമകൃഷ്ണന്റെ സംഭാഷണമാണ് മറ്റൊരു പ്രത്യേകത. 17-ാം നൂറ്റാണ്ടിൽ നടക്കുന്ന സംഭവവികാസങ്ങൾക്ക് അതിഭാവുകത്വം തോന്നാത്ത വിധത്തിലുള്ള സംഭാഷണങ്ങൾ. നാടകീയമായ ആ സംഭാഷണങ്ങള് മമ്മൂട്ടിയിലൂടെ പുറത്തെത്തുമ്പോള് അതിന് കൈവരുന്ന ഭംഗി. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതം കളറില്ലാത്ത സിനിമയ്ക്ക് നിറം പകരുന്നു. അത് സിനിമയെ അതേ മൂഡില് തളച്ചിടുന്നു.

'ഇന്തിയാവിൻ മാപ്പെരും നടികരുടെ സിരിപ്പ്'; ചിത്രം പങ്കുവെച്ച് മമ്മൂട്ടി

പേടിപ്പിച്ചും ആകാംക്ഷയേറ്റിയുമുള്ള ആദ്യ പകുതിയിൽ ഉത്തരംകിട്ടാത്ത കുറേ ചോദ്യങ്ങൾ ബാക്കി വെയ്ക്കുന്നു. രണ്ടാം പകുതിയിൽ ആ ഉത്തരം തേടിയുള്ള യാത്രയാണ്. അകത്തളത്തിൽ അകപ്പെട്ട പാണനൊപ്പം പ്രേക്ഷകരും ഉത്തരം തേടി അലയുന്നു. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാകാതെ കാണികളെ അവിടെ പിടിച്ചിരുത്തുന്നുണ്ട് ഭ്രമയുഗം. സിനിമ ബ്ലാക്ക് ആന്ഡ് വൈറ്റ് ആണെന്ന ചിന്ത പോലും നമ്മള് മറന്നുപോകുന്നു. അതെ, ഇത് ഭ്രമയുഗാ... അല്ല, മമ്മൂട്ടിയുടെ യുഗമാണ്. ദി ആക്ടർ ഓഫ് മാഡ്നെസ്സിന്റെ യുഗം. അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളുടെ യുഗം.

dot image
To advertise here,contact us
dot image