'ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നും പക്ഷേ....'; പ്രേക്ഷകരോട് മമ്മൂട്ടി

'ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്'

dot image

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിലാണ് ഇറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. അബുദബിയിലെ അൽവാദാ മാളിൽ നടന്ന ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്. ശൂന്യമായ മനസ്സോടുകൂടി വേണം ഈ സിനിമ കാണാൻ. എങ്കിൽ മാത്രമേ സിനിമ ആസ്വദിക്കാൻ സാധിക്കൂ. ഒരു മുൻവിധികളുമില്ലാതെ, ഈ സിനിമ നിങ്ങളെ ഞെട്ടിപ്പിക്കുമോ, പരിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കണ്ട.ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാൻ ആദ്യമേ പറയുന്നില്ല. ഇത് മലയാള സിനിമയിൽ പുതിയൊരു അനുഭവമായിരിക്കും. നമ്മൾ വർണങ്ങളിൽ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണിക്കുന്ന സിനിമയാണിത്'. മമ്മൂട്ടി പറഞ്ഞു.

അബുദബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ഭ്രമയുഗത്തിന്റെ ട്രെയ്ലർ ലോഞ്ച് നടന്നത്. വന് ജനാവലിയായിരുന്നു മാളിൽ ഉണ്ടായിരുന്നത്. മമ്മൂട്ടി എത്തിയതോടെ ആരാധകരെല്ലാം ആവേശഭരിതരായി. ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാൻ ഇനി വെറും അഞ്ച് ദിനങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മമ്മൂട്ടി ട്രെയ്ലർ ലോഞ്ചിനായി പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു കെ, ഫ്രാന്സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

dot image
To advertise here,contact us
dot image