തമിഴ് നാട്ടിൽ 300 ദിവസത്തിലധികം ഓടിയ സിനിമ 17 വർഷങ്ങൾക്ക് ശേഷം; 'പരുത്തിവീരൻ' റീ-റിലീസിന്

പരുത്തിവീരന്റെ റീ മാസ്റ്റേർഡ് വേർഷനാണ് ഇപ്പോൾ പ്രദർശിപ്പിക്കാനൊരുങ്ങുന്നത്

dot image

അമീറിന്റെ സംവിധാനത്തിലൊരുങ്ങിയ കാർത്തിയുടെ ആദ്യ ചിത്രം 'പരുത്തിവീരൻ' റീ റിലീസിനൊരുങ്ങുന്നു. 2007-ൽ പുറത്തിറങ്ങിയ ചിത്രം കോളിവുഡിലെ ആ വർഷത്തെ മെഗ ഹിറ്റായിരുന്നു. ചിത്രം തമിഴ്നാട്ടിലെ നിരവധി തിയേറ്ററുകളിൽ 300 ദിവസത്തിലധികമാണ് നിറഞ്ഞ സദസ്സോടെ പ്രദർശിപ്പിച്ചത്. പരുത്തിവീരന്റെ റീ മാസ്റ്റേർഡ് വേർഷനാണ് ഇപ്പോൾ പ്രദർശിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ഗംഭീര ആഘോഷത്തോടെയായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക എന്നാണ് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഏത് ദിവസമായിരിക്കും സിനിമ റിലീസിനെത്തുക എന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. പരുത്തിവീരൻ റിലീസ് ചെയ്തത് 2007 ഫെബ്രുവരി 27-നാണ്. 17 വർഷം തികയുന്ന 27-ന് തന്നെയാകാം ചിത്രത്തിന്റെ റിലീസ് എന്ന് അനുമാനിക്കാം.

എന്നാൽ പരുത്തിവീരൻ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജയും ചിത്രത്തിൻ്റെ സംവിധായകൻ അമീറും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ സിനിമ പ്രദർശിപ്പിക്കുമോ എന്ന സംശയവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. സിനിമയുടെ നിർമ്മാണ ചെലവുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകൾ സംവിധായകനായ അമീർ സമർപ്പിച്ചുവെന്നാണ് ജ്ഞാനവേൽ രാജ ആരോപിച്ചത്. ഇക്കാര്യം നിർമ്മാതാവ് ഒരു പൊതുവേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് അമീറിന് പിന്തുണയറിയിച്ച് സിനിമാരംഗത്ത് നിന്ന് നിരവധി പേരാണെത്തിയത്. ഇതോടെ വിഷയം നിർത്തുവാനായി കെ ഇ ജ്ഞാനവേൽ തന്നെ ഒരു പത്രക്കുറിപ്പിലൂടെ ക്ഷമാപണം നടത്തുകയായിരുന്നു. നിർമ്മാതാവും സംവിധായകനും തമ്മിലുള്ള തർക്കം ഇതുവരെ പരിഹരിക്കാത്തതിനാൽ റീ റിലീസിന്റെ ഭാഗമായി വീണ്ടും വിവാദം ഉണ്ടായേക്കാം എന്നാണ് പ്രതികരണങ്ങൾ.

dot image
To advertise here,contact us
dot image