
/entertainment-new/news/2024/02/03/dulquer-salmaan-venky-atluri-film-lucky-baskhar-first-look-released
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'ലക്കി ഭാസ്കർ'ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് 'ലക്കി ഭാസ്കർ'ൻ്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.
90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുള്ള ഒരു കാഷ്യറുടെ ജീവിതവും അയാള് നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. മീനാക്ഷി ചൗധരിയാണ് നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായഗ്രഹണം ലൂക്ക, കുറുപ്പ് സിനിമകളിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ്.
ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ സിനിമയായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.