'തെറ്റുപറ്റിയാൽ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല'; ലോകേഷിനെതിരെ വിജയ്യുടെ അച്ഛൻ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല കാരണങ്ങളാൽ സംവിധായകൻ തൻ്റെ മകൻ വിജയുമായി നല്ല ബന്ധത്തിലല്ല

dot image

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ കടുത്ത വിമർശനവുമായി നടൻ വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖർ. ലോകേഷിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിജയ് ചിത്രം ലിയോയ്ക്കെതിരെയും സംവിധായകനെതിരെയുമുള്ള വിമർശനം. ഇക്കാലത്ത് ആർക്കും തെറ്റുപറ്റിയാൽ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ലെന്നും അവർ എപ്പോഴും ശരിയാണെന്ന് ധരിക്കുകയാണ് ചെയ്യുന്നതെന്നും ചന്ദ്രശേഖർ ആരോപിച്ചു.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിമർശനം. ഒരു പ്രശസ്ത സംവിധായകനുമായുള്ള ഫോൺ സംഭാഷണം പങ്കുവെച്ച അദ്ദേഹം സംവിധായകൻ്റെ പേരോ ലിയോ എന്ന ചിത്രത്തെ കുറിച്ചോ പരാമർശിച്ചില്ലെങ്കിലും സംഭാഷണം തുടർന്നപ്പോൾ ഇത് ലോകേഷ് കനകരാജാണെന്നും ചിത്രം ലിയോ ആണെന്നും വ്യക്തമായിരുന്നു.

'ഒരു സിനിമയുടെ ആദ്യ കോപ്പി, റിലീസിന് അഞ്ച് ദിവസം മുമ്പ് ഞാൻ കണ്ടു. സിനിമയുടെ ആദ്യ പകുതി മികച്ചതാണെന്നും നിങ്ങളിൽ നിന്ന് സിനിമ എങ്ങനെ നിർമ്മിക്കാമെന്ന് ആളുകൾ പഠിക്കണമെന്നും ഞാൻ സംവിധായകനെ വിളിച്ച് പറഞ്ഞു. സംവിധായകനും ഞാൻ പറയുന്നത് ക്ഷമയോടെ കേട്ടിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ പോരായ്മകൾ പറഞ്ഞയുടൻ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞ് സംവിധായകൻ ഉടൻ ഫോൺ കട്ട് ചെയ്തു. ആചാരങ്ങളുടെയും യാഗങ്ങളുടെയും മുഴുവൻ ഭാഗവും സിനിമയിൽ ഫലിക്കില്ലെന്ന് സംവിധായകനോട് ഞാൻ പറഞ്ഞു, പ്രത്യേകിച്ച് ബലി എന്ന ആശയം. അതും സ്വന്തം മകനെ. പക്ഷേ സംവിധായകൻ ഞാൻ പറഞ്ഞതു കേട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം സിനിമയെ കുറിച്ച് എല്ലാവർക്കും ഇതേ പരാതിയായിരുന്നു' എന്ന് എസ് എ ചന്ദ്രശേഖർ പറഞ്ഞു.

'ഇക്കാലത്ത് ആർക്കും തെറ്റുപറ്റിയാൽ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല. അവർ എപ്പോഴും താൻ ശരിയാണെന്ന് കരുതുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല എസ് എ ചന്ദ്രശേഖർ വിവാദത്തിലാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല കാരണങ്ങളാൽ സംവിധായകൻ തൻ്റെ മകൻ വിജയുമായി അടുപ്പത്തിലല്ല. ഒരു വർഷം മുമ്പ്, തന്റെ താരപദവി ദുരുപയോഗം ചെയ്തതിന് മാതാപിതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ വിജയ് കോടതിയെ സമീപിച്ചിരുന്നു. വിജയും താനുമായുള്ള ബന്ധം സുഖകരമല്ലെന്ന് എസ് എ ചന്ദ്രശേഖർ തന്നെ തുറന്ന് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image