
ഹൈദരാബാദ്: ബോക്സോഫീസിൽ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ഹനുമാൻ. പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രമായെത്തിയ ഹനുമാന് രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. തേജ സജ്ജ, അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു രഹസ്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രശാന്ത് വർമ്മ.
ഹനുമാനായി വേഷമിടാൻ വലിയ താരങ്ങളായ രാം ചരൺ. അല്ലു അർജുൻ, ജൂനിയർ എൻടിആർ എന്നിവരെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ലെന്നാണ് പ്രശാന്ത് വർമ്മ പറയുന്നത്. താൻ നിലവിൽ ബോളിവുഡിൽ നിന്നുള്ള അവസരങ്ങളെ നിരസിക്കുകയാണെന്നും അടുത്ത സിനിമയിലാണ് പൂർണശ്രദ്ധ കൊടുക്കുന്നതെന്നും പ്രശാന്ത് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ദിവസം കൊണ്ട് വാലിബന് നേടിയത് 16.80 കോടി രൂപ; മുന്നേറി ലിജോയുടെ മുത്തശ്ശിക്കഥ'താരങ്ങൾക്കൊപ്പം ജോലി ചെയ്യുന്നതിൽ ഞാൻ എതിരല്ല. പക്ഷേ അതാകുമ്പോൾ സമയമെടുക്കും. രണ്ട് താരങ്ങൾക്കായി ഞാൻ വളരെ അധികം സമയം ചിലവിട്ടിരുന്നു. പിന്നീട് ഞാൻ സ്വയം ഒരു ഡെഡ്ലൈൻ നിശ്ചയിച്ചു. ഈ ഡെഡ്ലൈന് ശേഷം ടോം ക്രൂയിസ് വരാമെന്ന് പറഞ്ഞാലും എനിക്ക് കിട്ടിയ ആളെവച്ച് മുന്നോട്ട് പോകുമെന്ന് തീരുമാനിച്ചു. ഞാൻ ഈ ഇൻഡട്സ്രിയിലേക്ക് വന്നത് താരങ്ങൾക്കൊപ്പം ജോലി ചെയ്യാനല്ല'. പ്രശാന്ത് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
രാം ചരൺ, ജൂനിയർ എൻടിആർ, അല്ലു അർജുൻ തുടങ്ങിയ താരങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഈ താരങ്ങളെല്ലാം തിരക്കിലായിരുന്നു. താൻ കഥ പറയാനാണ് എത്തിയത്, അതുകൊണ്ട് തന്നെ കുറേ സമയം കാത്തു നിൽക്കാനാവില്ലായിരുന്നു. താരങ്ങളൊന്നും നേരിട്ടല്ല തന്നെ നിരസിച്ചതെന്നും പക്ഷേ കാര്യങ്ങൾ വ്യക്തമായിരുന്നെന്നും പ്രശാന്ത് വർമ്മ പറഞ്ഞു.