'ക്യാപ്റ്റൻ മില്ലറിന്റെ കഥ മോഷ്ടിച്ചത്'; ആരോപണമുന്നയിച്ച് എഴുത്തുകാരൻ വേല രാമമൂർത്തി

'പട്ടത്തു യാനൈ' എന്ന നോവൽ മോഷ്ടിച്ചാണ് സിനിമയൊരുക്കിയത് എന്നാണ് ആരോപണം

dot image

ധനുഷ് നായകനായ തമിഴ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് നടനും എഴുത്തുകാരനുമായ വേല രാമമൂർത്തി. വേല രാമമൂർത്തിയുടെ 'പട്ടത്തു യാനൈ' എന്ന നോവൽ മോഷ്ടിച്ചാണ് അരുൺ മതേശ്വരൻ സിനിമയൊരുക്കിയത് എന്നാണ് ആരോപണം. സംവിധായകൻ അരുൺ മതേശ്വരനും മദൻ കാർത്തിയും ചേർന്നാണ് ക്യാപ്റ്റൻ മില്ലറിന് തിരക്കഥ ഒരുക്കിയത്.

ദക്ഷിണേന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ താൻ ഈ കഥ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് ക്യാപ്റ്റൻ മില്ലറിനായി ഉപയോഗിച്ചുവെന്നുമാണ് വേല രാമമൂർത്തി അവകാശപ്പെടുന്നത്.

'ക്യാപ്റ്റൻ മില്ലറിന്റെ കഥ എന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേട്ടു. ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരാളുടെ കഥയാണ് എന്റെ നോവലിന് അടിസ്ഥാനം. സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ ഞാൻ ഈ കഥ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ, അവരത് അല്പം തിരുത്തോടെ 'ക്യാപ്റ്റൻ മില്ലർ' ആക്കിയെന്നാണ് തോന്നുന്നത്. അവർക്ക് എന്റെ അനുവാദം ചോദിച്ച് സിനിമയെടുക്കാമായിരുന്നു,' വേല രാമമൂർത്തി പറഞ്ഞു. സിനിമാ വ്യവസായത്തിൽ മോഷണം പതിവായി നടക്കുന്നുണ്ടെന്നും അത് ഒരു സൃഷ്ടാവെന്ന നിലയിൽ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവത്തിന് ശേഷം സാമ്രാജ്യത്വത്തിനെതിരെ തിരിയുന്ന ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ അംഗമാണ് ക്യാപ്റ്റൻ മില്ലർ എന്ന ധനുഷ് കഥാപാത്രം. ശിവ രാജ്കുമാർ, പ്രിയങ്ക അരുൾ മോഹൻ, അദിതി ബാലൻ, സുന്ദീപ് കിഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. കേരളത്തിൽ ഉൾപ്പെടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരവെയാണ് വിവാദം.

dot image
To advertise here,contact us
dot image