
കോളിവുഡ് സിനിമാപ്രേമികൾക്ക് ഇത് തിരക്കേറിയ വർഷമായിരിക്കും എന്നത് ഉറപ്പ്. തമിഴകത്തെ ഇളക്കി മറിക്കാൻ നിരവധി സിനിമകളാണ് ഇക്കുറി റിലീസിനൊരുങ്ങുന്നത്. കമലഹാസന്റെ 'ഇന്ത്യൻ 2' മുതൽ തല അജിത്ത് നായകനാവുന്ന 'വിടാമുയർച്ചി' തുടങ്ങി ഒട്ടനവധി സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുമ്പോൾ അവയുടെ ഡിജിറ്റൽ പകർപ്പവകാശങ്ങളുടെ വിലയാണ് പ്രധാനമായും ശ്രദ്ധയാകര്ഷിക്കുന്നത്. വരാനിരിക്കുന്ന തമിഴ് റിലീസുകളും അവയുടെ ഡിജിറ്റൽ പകർപ്പവകാശ വിലകളും ഇങ്ങനെ.
ഇന്ത്യൻ-2
ഉലകനായകൻ കമലഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. ലൈക്ക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. 'ഇന്ത്യൻ 2'വിനോടൊപ്പം 'ഇന്ത്യൻ 3'യും ചിത്രീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. കൂടാതെ ചിത്രത്തിന്റെ ഒടിടി അവകാശം 200 കോടി രൂപയ്ക്ക് നിർമ്മാതാക്കൾ വിറ്റു എന്നാണ് പുറത്തു വരുന്ന വിവരം.
ഗോട്ട്
'ലിയോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നായകനാവുന്ന അടുത്ത ചിത്രമാണ് ഗോട്ട്. 'ഗോട്ട്- ഗ്രേറ്റ്സ്റ് ഓഫ് ഓൾ ടൈംസ് ' എന്നാണ് ചിത്രത്തിന്റെ പൂർണ നാമം. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങും മുന്നേ തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വിറ്റുപോയിരുന്നു. 150 കോടി രൂപയ്ക്കാണ് ഒടിടി അവകാശം വിറ്റത്.
വിടാമുയർച്ചി
'തുനിവ്' എന്ന ചിത്രത്തിന് ശേഷം ഒരു വർഷം കഴിഞ്ഞു അജിത്ത് നായകനാവുന്ന അടുത്ത ചിത്രമാണ് 'വിടാമുയർച്ചി'. മഗിഴ് തിരുമേനിയുമായുള്ള കൂട്ടുകെട്ടിൽ പുറത്തു വരുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം 100 കോടി രൂപയ്ക്ക് വിറ്റു പോയതായാണ് വിവരം. ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, മലയാളം പതിപ്പുകൾ റിലീസിന് ശേഷം ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ ഉണ്ടാകും.
തങ്കലാൻ
പാ രഞ്ജിത്ത്-ചിയാൻ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പീരിയോഡിക് ഡ്രാമ ചിത്രമാണ് 'തങ്കലാൻ'. ചിത്രം ഏപ്രിൽ റിലീസ് ചെയ്യും. 75 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സാണ് തങ്കലാന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിര്മാണം. ഉയര്ന്ന ബജറ്റിലുള്ളതാകും സിനിമ എന്നാണ് നിര്മ്മാതാവ് ജ്ഞാനവേല് രാജ മുൻപ് വ്യക്തമാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര് ഗോള്ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
എസ് കെ 21
സ്വാഭാവിക അഭിനയ മികവ് കൊണ്ട് ബോക്സ് ഓഫീസിൽ ശക്തമായ വളർച്ച കൈവരിച്ച നടനാണ് ശിവകാർത്തികേയൻ. രാജ്കുമാർ പെരിയസ്വാമിയുടെ 21-മത്തെ ചിത്രമാണ് 'എസ് കെ 21' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. സൈനിക പശ്ചാതലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം 40 കോടി രൂപയ്ക്ക് ലോക്ക് ചെയ്തതായാണ് വിവരം.