
2023 ഡിസംബറിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ നിന്ന മലയാളി താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്മാക്സ് മീഡിയ. നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തേയ്ക്ക് മോഹൻലാൽ തിരികെ എത്തി. മമ്മൂട്ടി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനം നടൻ ടോവിനോ തോമസ് നിലനിർത്തി. ദുൽഖർ സൽമാനെ പിന്നിലാക്കി ഡിസംബർ മാസത്തിൽ ഫഹദ് ഫാസിൽ മുന്നിൽ വന്നു.
നവംബർ മാസത്തിൽ ആണ് മോഹൻലാലിനെ പിന്നിലാക്കി മമ്മൂട്ടി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. 'കാതൽ', 'കണ്ണൂർ സ്ക്വാഡ്' സിനിമകളുടെ പ്രേക്ഷക പ്രീതിയും വിജയവും മമ്മൂട്ടിയെ പട്ടികയിൽ മുന്നിൽ എത്തിക്കുകയായിരുന്നു. 2023ൽ ആദ്യമായായിരുന്നു മോഹൻലാലിനെ മമ്മൂട്ടി പിന്നിലാക്കുന്നത്.
ഡിസംബറിൽ റിലീസിനെത്തിയ 'നേര്' സിനിമയുടെ പ്രീ റിലീസ് ഹൈപ്പും പിന്നീട് ലഭിച്ച സ്വീകാര്യതയും മോഹൻലാലിനെ ബോക്സ് ഓഫീസിലും ജനപ്രീതിയിലും രാജാവാക്കി നിലനിർത്തുകയായിരുന്നു.
ഡിസംബർ മാസത്തിൽ പ്രേക്ഷക പ്രീതി നേടിയ സ്ത്രീ താരങ്ങളുടെ പട്ടികയിൽ മഞ്ജു വാര്യർ ആണ് പതിവു പോലെ ഒന്നാമത്. നവംബർ മാസത്തിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന കല്യാണി പ്രിയദർശൻ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐശ്വര്യ ലക്ഷ്മിയാണ് ഡിസംബറിൽ മൂന്നാം സ്ഥാനത്ത്. ശോഭന മൂന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നപ്പോൾ കാവ്യാ മാധവൻ ഇത്തവണ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.