
ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'ഓസ്ലർ' ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിവരികയാണ് ജയറാം. സമീപ കാലത്ത് ഇതരഭാഷാ സിനിമകളിൽ സജീവമായിരുന്ന താരം ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
2020ലെ വിജയ ചിത്രം 'അഞ്ചാം പാതിരാ'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് പ്രതീക്ഷയാണ്. ത്രില്ലർ ഒരുക്കുന്നതിലുള്ള പ്രാവീണ്യം മിഥുന് ഒരിക്കൽകൂടി തെളിയിക്കുമെന്ന തോന്നൽ ട്രെയ്ലർ സമ്മാനിച്ചിരുന്നു. ഓസ്ലറിൽ മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തുമെന്നാണ് വിവരം. ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന ചില സൂചനകൾ പ്രേക്ഷകർ ട്രെയ്ലറിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
അബ്രഹാം ഓസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്ധീര് കൃഷ്ണന് ആണ് ഓസ്ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര് ആണ് ഛായാഗ്രഹണം. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് സൈജു ശ്രീധരന്, കലാസംവിധാനം ഗോകുല് ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.
'സ്ലിപ്പർ' എളിമയുടെ പ്രതീകമല്ല; വില്ലനാകാനും അതിഥി വേഷത്തിലെത്താനുമില്ലെന്നും വിജയ് സേതുപതി