ഇനി മണിരത്നം പറയും, ജോജു ചെയ്യും; തഗ് ലൈഫിൽ കമലിനൊപ്പം

ഗൗതം കാർത്തികും ചിത്രത്തിൽ

dot image

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കമൽഹാസനെ നായകനാക്കി സിനിമ ഒരുക്കുകയാണ് മണിരത്നം. പ്രേക്ഷകർ മുഴുവനും 'തഗ് ലൈഫി'ന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുമ്പോൾ ഗംഭീര താരനിരയെയും ചിത്രത്തിനൊപ്പം ചേർത്തുവയ്ക്കുകയാണ് സംവിധായകൻ.

ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ, ജയം രവി എന്നിവർ സിനിമയുടെ ഭാഗമാണ്. ഗൗതം കാർത്തിക് ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനൊപ്പം മലയാളത്തിൽ നിന്ന് ജോജു ജോർജും തഗ് ലൈഫിലേയ്ക്ക് എത്തുകയാണ്.

ദുൽഖർ സൽമാൻ മണിരത്നത്തിനൊപ്പം 'ഒകെ കൺമണി'യിൽ അഭിനയിച്ചിരുന്നു. 'ചെക്ക ചിവന്ത വാനത്തി'ലേയ്ക്കും ക്ഷണം ലഭിച്ചെങ്കിലും 'മഹാനടി'യുമായുള്ള ഷെഡ്യൂൾ തർക്കങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. 'പൊന്നിയിൻ സെൽവൻ' ഒന്ന് രണ്ട് ഭാഗങ്ങളിൽ ജയം രവിയും തൃഷയും മണിരത്നത്തിനൊപ്പം പ്രവർത്തിച്ചു. മണിരത്നം ഒരുക്കിയ 'കാതൽ' ആണ് ഗൗതം കാർത്തികിന്റെ അരങ്ങേറ്റ ചിത്രം. അതേസമയം ജോജു ജോർജ് ഒരു മണിരത്നം സിനിമയുടെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.

1987ല് പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നത് തന്നെയാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വൈകാതെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.

dot image
To advertise here,contact us
dot image