ഗീതു മോഹന്ദാസ് ഗൂഗിള് ട്രെന്ഡ്സ് ലിസ്റ്റില്; കാരണമിതാണ്

ഗൂഗിളില് ഇന്ത്യയില് നിന്ന് കഴിഞ്ഞ ദിവസം ഏറ്റവുമധികം സെര്ച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹന്ദാസിന്റേതായിരുന്നു.

dot image

ഭാഷയും ദേശവും കടന്ന് ഇന്ത്യന് സിനിമ ലോകത്താകമാനമുളള പ്രേക്ഷകരുടെ കയ്യടി കാലഘട്ടമാണിത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും മാത്രമായി ഒതുങ്ങിയിരുന്ന സിനിമകള് ഇന്ത്യയൊട്ടാകെ എത്താന് തുടങ്ങിയത് ഒരു പക്ഷേ ബാഹുബലിയുടെ ചരിത്ര വിജയത്തിന് ശേഷമായിരിക്കാം. ഇന്ത്യന് സിനിമയെന്നാല് ബോളിവുഡ് എന്നതില് നിന്ന് മാറി, കെജിഎഫും പുഷ്പയും കാന്താരയും ആര്ആര്ആറും ഒക്കെ കൂടിയാണ് എന്ന് പ്രേക്ഷകരും തിരിച്ചറിഞ്ഞു, അംഗീകരിച്ചു. അതുവരെ തെന്നിന്ത്യയില് മാത്രം ആരാധകരുണ്ടായിരുന്ന പല താരങ്ങളും പാന് ഇന്ത്യന്, പാന് വേള്ഡ് നായകന്മാരായി.

അത്തരത്തില് ഒറ്റ ചിത്രം കൊണ്ട് പാന് ഇന്ത്യന് താരമെന്ന പദവിയിലെത്തിയ നടനാണ് യഷ്. ഇപ്പോഴിതാ കെജിഎഫിന് ശേഷം യഷിന്റെ മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. യഷിന്റെ 19-മത് ചിത്രത്തിന്റെ ടൈറ്റില് റിവീല് വീഡിയോ വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ടോക്സിക് എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല് ചിത്രം സംവിധാനം ചെയ്യുന്നത് യഷ് ആരാധകര്ക്ക് പരിചയമില്ലാത്ത ഒരു സംവിധായിക, മലയാളിയായ ഗീതു മോഹന്ദാസ്.

സിനിമാ പ്രേക്ഷകര്ക്ക് വേണ്ടത്ര വിധത്തില് പരിചിതയല്ലാത്ത ഗീതു മോഹന്ദാസ് ആണ് സംവിധായിക എന്നത്, യഷ് ആരാധകര്ക്കിടയില് ചെറുതല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാകാം, ഗൂഗിളില് ഇന്ത്യയില് നിന്ന് കഴിഞ്ഞ ദിവസം ഏറ്റവുമധികം സെര്ച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹന്ദാസിന്റേതായിരുന്നു. ടൈറ്റില് റിവീലിന് ഒമ്പത് മിനിറ്റ് മുന്പ് ഗീതു മോഹന്ദാസ് എന്ന ഇംഗ്ലീഷ് സെര്ച്ച് ഗൂഗിളില് വന്നുതുടങ്ങി. രാവിലെ 10.02നാണ് ഏറ്റവും കൂടുതല് പേര് ഈ പേര് ഗൂഗിളില് തെരഞ്ഞത്. ഇന്ന് ധാരാളമായി സെര്ച്ചില് വന്ന ടോപ്പിക്കുകളില് ഗീതു മോഹന്ദാസ് എന്ന പേര് ഗൂഗിള് ട്രെന്ഡ്സ് ലിസ്റ്റ് ചെയ്തു. ആരാണ് ഗീതു മോഹന്ദാസ് എന്ന സംവിധായിക. ഒരു അഭിനേതവ് എന്നതിനപ്പുറം ഗീതു മോഹന്ദാസിന്റെ സിനിമാ കരിയര് എന്താണ്?

ഗീതു മോഹന്ദാസ് ക്യാമറയ്ക്ക് പിറകില് നിന്നത് മൂന്ന് പ്രോജക്ടുകള്ക്കാണ്. 2009-ലെ ഗീതുവിന്റെ അരങ്ങേറ്റ സംവിധാനം ഹ്രസ്വ ചിത്രമായ 'കേള്ക്കുന്നുണ്ടോ'യിലൂടെയായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ഹ്രസ്വ ചിത്രമായിരുന്നു കേള്ക്കുന്നുണ്ടോ. ഹസ്ന എന്ന അന്ധയായ പെണ്കുട്ടിയുടെ ജീവിതത്തിന്റെ നേര്ക്കാഴ്ചയായിരുന്നു ഈ ചിത്രം.

റോട്ടര്ഡാം ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് പ്രദര്ശിപ്പിച്ച ചിത്രം, മികച്ച ഷോര്ട്ട് ഫിക്ഷനുള്ള മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുമെല്ലാം സ്വന്തമാക്കി. ഇതുമാത്രമല്ല, 2014 മുതല് 12-ാം ക്ലാസിന്റെ കേരള സ്റ്റേറ്റ് സിലബസില് ചിത്രം ഒരു അധ്യായമായും ഉള്പ്പെടുത്തി.

2014-ല് ഗീതു മോഹന്ദാസ് വീണ്ടും 'ലയേഴ്സ് ഡൈസ്' എന്ന ബോളിവുഡ് സിനിമയുടെ സംവിധായികയായി. ഹ്യൂബര്ട്ട് ബാല്സിന്റെ ഫണ്ടില് ഒരുക്കിയ ചിത്രം 2014-ല് സണ്ഡാന്സ് ഫിലിം ഫെസ്റ്റിവലില് വേള്ഡ് ഡ്രാമ വിഭാഗത്തിലേക്ക് മത്സരിച്ചു. ആറ് പ്രധാന അന്താരാഷ്ട്ര നേട്ടങ്ങള് ചിത്രം സ്വന്തമാക്കി. കൂടാതെ സോഫിയ അന്താരഷ്ട്ര ചലച്ചിത്രോത്സവത്തില് സ്പെഷ്യല് ജൂറി പുരസ്കാരവും രണ്ട് ദേശീയ പുരസ്കാരങ്ങളും ചിത്രം നേടി. 87-ാമത് ഓസ്കറില് ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രി കൂടിയായിരുന്നു ഗീതു മോഹന്ദാസിന്റെ ലയേഴ്സ് ഡൈസ്.

ഗീതുവിന്റെ മൂന്നാമത്തെ ചിത്രം നിവിന് പോളി പ്രധാന കഥാപാത്രമായെത്തിയ 'മൂത്തോന്' ആണ്. കാണാതായ ഭര്ത്താവിനെ തിരഞ്ഞ് മകളോടൊപ്പം യാത്ര ചെയ്യുന്ന കമലയിലൂടെ അഭയാര്ത്ഥിത്വത്തിന്റെ സങ്കീര്ണതകളെ വിവിധ ഭാവങ്ങളില് സമീപിച്ച സിനിമയായിരുന്നു ലയേഴ്സ് ഡയസ് എങ്കില് മറ്റൊരു ഇമോഷണല് ട്രാവല് സമ്മാനിക്കുന്നതായിരുന്നു മൂത്തോന്. ഒരു ദ്വീപില് നിന്ന് മുംബൈ എന്ന മഹാനഗരത്തിലേക്ക് നാടുവിട്ട തന്റെ മൂത്തോനേ തേടിയെത്തുന്ന മുല്ലയുടെ യാത്ര. അതിനുമപ്പുറം സ്വന്തം സ്വത്വം തേടിയുള്ള പലരുടെയും യാത്രകളാണ് മൂത്തോന്.

ചിത്രം അന്താരാഷ്ട്ര തലത്തില് ചര്ച്ച ചെയ്യപ്പെട്ടു. 2016-ല് സണ്ഡാന്സ് ഫിലിം ഫെസ്റ്റിവലില് ഗീതു മോഹന്ദാസ് ഗ്ലോബല് ഫിലിം മേക്കര് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 2019-ല് വേള്ഡ് പ്രീമിയറായി ടോറന്ഡോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില് പ്രദര്ശിപ്പിച്ചു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിംങ് സിനിമയായതും ഗീതുവിന്റെ മൂത്തോന് ആയിരുന്നു.

യഷിനെ നായകനാക്കി ഗീതു ടോക്സിക്കുമായി എത്തുമ്പോള് അത് സംവിധായികയ്ക്കും നായകനും ഒരുപോലെ ചാലഞ്ചിങ്ങാണ്. സിനിമയെ ഇമോഷണലായി, റിയലിസ്റ്റിക് മൂഡിലൂടെ വീക്ഷിക്കുന്ന സംവിധായികയും എക്സ്ട്രീം മാസ്കുലിനിറ്റിയും, മോര് ദാന് എ ലൈഫ് സ്വഭാവവുമുള്ള, കെജിഎഫിലൂടെ ആരാധകരുടെ റോക്കി ഭായിയായ യഷും ഒന്നിക്കുന്ന ചിത്രം. യഷ് എന്ന നടനെ സൂപ്പര് സ്റ്റാറാക്കിയത് കെജിഎഫ് ആണ്. അതുകൊണ്ടു തന്നെ കെജിഎഫിനോട് കിടപിടിക്കാന് കഴിയുന്ന സിനിമകള് ചെയ്യേണ്ടത് യഷിന് മുന്പോട്ടുള്ള സിനിമ കരിയറിന് ആവശ്യമാണ്. അല്ലെങ്കില് ബാഹുബലിക്ക് ശേഷം പ്രഭാസിന് സംഭവിച്ചതുപോലെ ഒരിടിവ് യഷിനും സംഭവിച്ചേക്കാം. കെജിഎഫിന് ശേഷം യഷ് ചൂസിയാകുന്നതും അതുകൊണ്ടു തന്നെയായിരിക്കാം. അപ്പോള് ഗീതു മോഹന്ദാസിന് യഷ് എന്തുകൊണ്ട് കൈകൊടുത്തു? അത് അറിയാനാണ് ഇനി പ്രേക്ഷകര് കാത്തിരിക്കുന്നത്.

'ഞാന് എപ്പോഴും എന്റെ ആഖ്യാന ശൈലിയില് പരീക്ഷണം നടത്തുകയാണ് ചെയ്തിട്ടുള്ളത്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില് സ്വീകാര്യത ലഭിച്ചു, എന്നാല് എന്റെ രാജ്യത്ത് സ്വന്തം പ്രേക്ഷകരെ കണ്ടെത്താന് ഞാന് എപ്പോഴും ആഗ്രഹിച്ചു. ആ ചിന്തയാണ് ഈ പ്രോജക്റ്റ് പിറക്കാനുള്ള കാരണം. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. യഷ് ആണ് ഈ സിനിമയ്ക്ക് യോജ്യനെന്ന് ഞാന് മനസിലാക്കുകയായിരുന്നു. ഈ മാജിക്കല് ജേര്ണി ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞാനും.' ഗീതു മോഹന്ദാസ് പറഞ്ഞുവെയ്ക്കുന്നു.

dot image
To advertise here,contact us
dot image