
പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ച റിഷബ് ഷെട്ടിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് 'കാന്താര'. മേക്കിങ്ങിലെ വൈവിധ്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കാന്താരയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് സംവിധായകൻ കൂടിയായ റിഷബ് പറഞ്ഞപ്പോൾ വളരെ ആവേശത്തോടെയാണ് ആ വാർത്തയെ പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ വെറും രണ്ടാം ഭാഗമല്ല, പറയാൻ പോകുന്നത് ചരിത്ര കഥയാണ് എന്ന് റിഷബ് വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ കൂടുതൽ പ്രതീക്ഷയാണ് തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഉണ്ടായത്. കാന്താര പ്രീക്വലിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നവംബർ അവസാന വാരം ചിത്രത്തിന്റെ പൂജയും ഉണ്ടാകുമെന്നും വിവരമുണ്ട്. പ്രീക്വലിൽ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം. പഞ്ചുരുളിയുടെ ഉത്ഭവം മുതലാണ് കഥ പറയുന്നത്. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുക. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കാന്താര പ്രീക്വൽ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സങ്കീർണ്ണമായ സെറ്റുകളും വിപുലമായ വിഷ്വൽ ഇഫക്റ്റുകളും ബജറ്റിനെ പ്രധാനമായും സ്വാധീനിക്കും.
#Kantara2 Pooja during November end. Shoot starts from December.
— Friday Matinee (@VRFridayMatinee) November 18, 2023
There are reports prequel of #Kantara is set between AD 300-400 😱 pic.twitter.com/WOvJA9b0GJ
വലിയ ഹൈപ്പോ പ്രമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ സാധാരണ സിനിമ പോലെയാണ് കാന്താര കന്നഡ സിനിമപ്രേക്ഷകരിലേക്കെത്തിയത്. എന്നാൽ സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാൻ കാരണമായി. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതി, കാന്താര എത്രത്തോളം അംഗീകരിക്കപ്പെട്ടു എന്നതിന്റെ ഉദാഹരണമാണ്.