
ലോസ് ഏഞ്ചലസ്: ഫ്രണ്ട്സ് സീരീസ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം നടന് മാത്യു പെറിയുടെ മരണ വാർത്തയെത്തിയത്. അപ്രതീക്ഷിതമായ പെറിയുടെ വേർപാടിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ടോക്സിക്കോളജി റിപ്പോര്ട്ട് വന്നാൽ മാത്രമെ പെറിയുടെ മരണത്തിൽ എന്തെങ്കിലും സ്ഥിരീകരണം നൽകാൻ കഴിയൂ എന്നാണ് പൊലീസു വ്യക്തമാക്കുന്നത്.
ലോസ് ഏഞ്ചലസിലെ വസതിയിലെ ഹോട്ട് ടബ്ബില് ഒക്ടോബര് 29-നാണ് മാത്യു പെറിയെ മരിച്ച നിലയില് കണ്ടെത്തിയത്. മരണത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. കവര്ച്ചയോ കൊലപാതകമോ തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന പൊലീസ് അറിയിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ബാത്ത് ടബ്ബില് മുങ്ങിയതായിരിക്കാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാത്യു പെറിയ്ക്ക് ആനുശോചനമറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും രംഗത്തെത്തിയത്. 'ചാന്ഡ്ലര് ബിംഗ്' എന്ന കഥാപാത്രം തലമുറഭേദമന്യേ ലോകപ്രക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതാണ്. 1994 മുതല് 2004വരെ പ്രദർശനം തുടർന്ന പത്ത് സീസണുകളുള്ള പരിപാടിക്ക് ഇന്നും ആരാധകർ ഏറെയാണ്.
മാത്യു പെറി മദ്യത്തിനും വേദനസംഹാരികള്ക്കും അടിമയായിരുന്നുവെന്നാണ് റിപ്പോര്ട്ട്. ലഹരിയില്നിന്ന് മുക്തനാകാന് താരം പലതവണ ചികിത്സ തേടിയിരുന്നു. ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ ഫ്രണ്ട്സ് റീയൂണിയൻ പരിപാടിയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നതാണ്. ഫ്രണ്ട്സിന്റെ മൂന്ന് മുതല് ആറ് വരെയുള്ള സീസണില് അഭിനയിച്ചതായി പോലും തനിക്ക് ഓർമ്മയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.