
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ്യുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ലിയോ' രണ്ടാം ആഴ്ചയിൽ കിതക്കുകയാണ്. ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ 264 കോടി രൂപ കടന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 7 കോടി രൂപ മാത്രമാണ് രണ്ടാം വാരം ചിത്രം കളക്ട് ചെയ്തത് എന്ന് സിനിമ ട്രാക്കർ സാക്ക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ചിത്രം റിലീസ് ദിവസം (ഒക്ടോബർ 19) 64.80 കോടി, ആദ്യ വെള്ളിയാഴ്ച 34.25 കോടി, ആദ്യ ശനിയാഴ്ച 38.30 കോടി, ആദ്യ ഞായറാഴ്ച 39.80 കോടി, ആദ്യ തിങ്കളാഴ്ച 34.10 കോടി, 30.70 കോടി എന്നിങ്ങനെയാണ് നേടിയത്. രണ്ടാം വ്യാഴാഴ്ച 8.90 കോടിയും, രണ്ടാമത്തെ വെള്ളിയാഴ്ച ഏകദേശം 7 കോടി രൂപയും ലിയോ നേടിയതായി റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര കളക്ഷനായി 271 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ഒക്ടോബർ 27-ന് ലിയോയുടെ തമിഴ് ഷോകൾ മൊത്തത്തിൽ 29.27 ശതമാനം ഒക്യുപൻസി രേഖപ്പെടുത്തിയിരുന്നു. തെലുങ്ക് ഷോകൾക്ക് മൊത്തത്തിൽ 31.46 ശതമാനവും ഹിന്ദി ഷോകൾക്ക് 11.33 ശതമാനവും ഒക്യുപൻസിയുമാണ് ഉണ്ടായിരുന്നത്..
അതേസമയം, ചിത്രം ലോകമെമ്പാടും 500 കോടിയിലേക്ക് കുതിക്കുകയാണ്. പ്രൊഡക്ഷൻ ഹൗസായ സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സിൽ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. 'ലിയോ' ഇതിനകം ലോകമെമ്പാടും 461 കോടിയിലധികം രൂപ നേടിയിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ പോസ്റ്റിൽ കുറിച്ചത്.