
സ്ത്രൈണതയുള്ളയാളെ എല്ലാവരും തമാശയായി കണ്ട സമയത്ത് തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചത് ഷാരൂഖ് ഖാനെന്ന് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. ഷാരൂഖ് വളരെ പുരോഗമനപരമായ സാഹചര്യത്തിൽ വളർന്നയാളാണ്. എല്ലാ തരത്തിലുമുള്ള മനുഷ്യരുമായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ടെന്നും വി ആര് യുവ പോഡ്കാസ്റ്റില് കരണ് മനസുതുറന്നു.
'എന്റെ ഉള്ളിലെ സ്ത്രൈണത പുറത്ത് വന്നപ്പോഴൊക്കെ കളിയാക്കൽ നിരവധി നേരിട്ടിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ കളിയാക്കലിന് കുറവ് സംഭവിച്ചു. എന്റെ സംസാര രീതിയും നടപ്പും കണ്ട് പലരും പലതും പറയുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഒരു വിധത്തില് പറഞ്ഞാല് എന്നെ ഒട്ടും കുറച്ച് കാണാത്ത ആദ്യത്തെ മനുഷ്യന് ഷാരൂഖാണ്. സ്ത്രൈണതയുള്ളവനെ എല്ലാവരും ഒരു തമാശയായി കണ്ട അക്കാലത്ത് ഷാരൂഖ് എന്നെ അംഗീകരിക്കുകയാണ് ചെയ്തത്. അദ്ദേഹം അതൊക്കെ സ്വാഭാവിക കാര്യങ്ങളായി കണ്ടു. പല തവണ എന്നോട് അദ്ദേഹം ഇതേകുറിച്ച് എന്നോട് തുറന്ന് സംസാരിച്ചു,' കരൺ പറഞ്ഞു.
തന്റെ വ്യക്തിത്വത്തെ പറ്റിയോ ലൈംഗികതയെ കുറിച്ചോ സംസാരിക്കാന് തോന്നിയാല് ഷാരൂഖിനോടാണ് താന് അതിനെ പറ്റി സംസാരിക്കാറുള്ളതെന്നും കരൺ ജോഹർ കൂട്ടിച്ചേർത്തു. ഷാരൂഖ് തനിക്ക് വലിയ പിന്തുണയാണ് നല്കിയത്. അതിന്റെ വലുപ്പം അദ്ദേഹത്തിന് പോലും അറിയില്ലെന്നും കരണ് അഭിമുഖത്തിൽ പറഞ്ഞു.