'ഇനിയൊരിക്കലും ഒരുമിച്ച് സിനിമ ചെയ്യില്ല'; ശിവകാർത്തികേയനെതിരെ ഡി ഇമ്മാൻ

ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നും അത് ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നുമാണ് ഇമ്മാൻ പറഞ്ഞത്

dot image

തമിഴിലെ ഹിറ്റ് ജോഡികളാണ് നടൻ ശിവകാർത്തികേയനും സംഗീത സംവിധായകൻ ഡി ഇമ്മാനും. ഇരുവരും ഒന്നിച്ചാൽ സൂപ്പർഹിറ്റ് പാട്ടുകൾ ഉറപ്പാണെന്നത് ആരാധകർക്കിടയിലെ ചർച്ചാ വിഷയമാണ്. വ്യക്തി ജീവിതത്തിലും ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. സമീപകാലത്തായി രണ്ടുപേരും അത്ര രസത്തിലല്ല എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇക്കാര്യം തുറന്നു സമ്മതിക്കുകയാണ് ഇമ്മാൻ ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് തമിഴകത്ത് ചർച്ചയാകുന്നത്.

ശിവകാർത്തികേയനെ 'എൻ തമ്പി' എന്നാണ് ഇമ്മാൻ പൊതുഇടങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നാണ് ഇമ്മാൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ശിവകാർത്തികേയനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച ഇമ്മാൻ, ശിവകാർത്തികേയന്റെ ചിത്രങ്ങൾക്കായി ഇനി സംഗീതമൊരുക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ ഇരുവർക്കുമിടയിലെ പ്രശ്നം എന്താണെന്ന് തുറന്നുപറയാൻ അദ്ദേഹം തയ്യാറായില്ല. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നും അത് ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നുമാണ് ഇമ്മാൻ പറഞ്ഞത്.

ഇമ്മാന്റെ വാക്കുകൾ

'എന്നോട് ശിവകാർത്തികേയൻ ചെയ്ത ദ്രോഹം തിരിച്ചറിയാൻ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ ഇനി ജീവനുള്ള കാലത്തോളം പ്രവർത്തിക്കില്ല. എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അയാളോട് തന്നെ ചോദിച്ചിരുന്നു. അതിന് ശിവകാർത്തികേയൻ പറഞ്ഞ മറുപടി തുറന്ന് പറയാൻ പോലും പറ്റില്ല.

ചില കാര്യങ്ങൾ മൂടിവയ്ക്കുക തന്നെ വേണം. അതിന് പ്രധാന കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാർ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഞാൻ ആരാണെന്ന് എനിക്കറിയാം. ജീവിതത്തിൽ മോശം അവസ്ഥയുണ്ടാകും. ആ സങ്കടത്തിന് ശിവകാർത്തികേയൻ മാത്രമാണ് കാരണം എന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്.'

dot image
To advertise here,contact us
dot image