
പുതിയ സിനിമ പ്രഖ്യാപിച്ച് ആഷിഖ് അബു. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് 'റൈഫിൾ ക്ലബ്ബ്' എന്നാണ് പേര്.
'വൈറസി'ൽ ആഷിഖ് അബുവിനൊപ്പം പ്രവർത്തിച്ച സുഹാസ്-ഷർഫു, ദിലീഷ് കരുണാകരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. റെക്സ് വിജയൻ സംഗീതവും വി സാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സൗബിൻ ഷാഹിറും ദിലീഷ് പോത്തനും വൈറസിന് ശേഷം ആഷിഖിനൊപ്പം ഒന്നിക്കുന്നതും റൈഫിൾ ക്ലബ്ബിലാണ്.
ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിൽ ഒരു കഥാപാത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് രംഗത്തു വന്നു. 'ഒരു ഉത്തരേന്ത്യൻ നടനെ കാമിയോ റോളിൽ ആവശ്യമുണ്ടോ?,' എന്നായിരുന്നു കമന്റ്. അനുരാഗിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ആഷിഖിന്റെ മറുപടി.
ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'നീലവെളിച്ചം' ആണ് അവസാനം തിയേറ്ററുകളിൽ എത്തിയ ആഷിഖ് അബു ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ അതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്.