
ബോളിവുഡിൽ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകൻ അറ്റ്ലീ. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ചെയ്ത 'ജവാൻ' ആഗോള തലത്തിൽ 500 കോടിയും പിന്നിട്ടിരിക്കുന്നു. സിനിമയുടെ വിജയാഘോഷങ്ങൾ തുടരവെ അറ്റ്ലീയുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടി പുറത്തു വരികയാണ്. നടൻ ആയുഷ്മാൻ ഖുറാനയുമായി അറ്റ്ലീ ഒന്നിക്കുമെന്ന വാർത്തകളാണെത്തുന്നത്.
താൻ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് ആയുഷ്മാൻ പറഞ്ഞത്. തെന്നിന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ റീമേക്ക് ചെയ്യാറുണ്ട്. പുതിയ പ്രമേയങ്ങൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ തന്നോട് ഒരു പ്രത്യേക ബഹുമാനം അവർക്കുണ്ടെന്നും അത്തരത്തിൽ തിരിഞ്ഞു നോക്കുമ്പോൾ തന്റെ സിനിമകളിൽ അഭിമാനിക്കുന്നുവെന്നും അയുഷ്മാൻ ഒരഭിമുഖത്തിൽ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. തിരക്കഥ അത്ഭുതപ്പെടുത്തിയാൽ സിനിമ ചെയ്യും. പ്രചോദിപ്പിക്കുന്ന കഥകൾ വന്നാൽ ഉറപ്പായും ചെയ്യും. അറ്റ്ലീക്കൊപ്പമോ ഫഹദിനൊപ്പമോ സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും നടൻ കൂട്ടിച്ചേർത്തു. നടന്റെ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ആയുഷ്മാനുമായുള്ള ചിത്രമായിരിക്കും അറ്റ്ലീ ജവാന് ശേഷം ഒരുക്കുക എന്ന ചർച്ചകൾ സജീവമാണ്.