
രജനികാന്തിന്റെ മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കടക്കുകയാണ് ജയിലർ. ഈ വേളയിൽ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്. സിനിമയുടെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും രജനികാന്തിനും സമ്മാനങ്ങൾ നൽകിയാണ് നിർമ്മാതാക്കൾ ഈ വിജയം ആഘോഷിക്കുന്നത്.
നെൽസൺ ദിലീപ്കുമാറിന് ചെക്ക് സമ്മാനിക്കുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എത്ര രൂപയുടെ ചെക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നിർമ്മാതാവ് കലാനിധി മാരൻ രജിനികാന്തിന് ബിഎംഡബ്ല്യു എക്സ് 7 കാറാണ് സമ്മാനിച്ചത്. ഒന്നേകാല് കോടിക്ക് അടുത്താണ് ഈ കാറിന്റെ വില എന്നാണ് സൂചന. ഇത് രജനിക്ക് സമ്മാനിക്കുന്ന വീഡിയോ സണ് പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമെ രജനികാന്തിന് ഒരു ചെക്കും നിർമ്മാതാവ് സമ്മാനിച്ചിരുന്നു. ആ തുകയും എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാൽ രജനികാന്തിന് നൽകിയ സമ്മാനത്തുക 100 കോടി രൂപയാണെന്ന് അഭ്യൂഹങ്ങളുണ്ട്.
#JailerSuccessCelebrations continue! Superstar @rajinikanth was shown various car models and Mr.Kalanithi Maran presented the key to a brand new BMW X7 which Superstar chose. pic.twitter.com/tI5BvqlRor
— Sun Pictures (@sunpictures) September 1, 2023
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച 'ജയിലർ' ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. നാലാം വാരം പിന്നിട്ടപ്പോൾ ചിത്രം തമിഴ്നാട്ടിൽ റെക്കോർഡിന് അരികിലാണ്. 180 കോടിയോളം രൂപ നേടിയ ജയിലർ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കമൽ ഹാസന്റെ വിക്രമിനെ മറികടന്നാണ് ചിത്രം രണ്ടാം സ്ഥാനത്തെത്തിയത്. വരും ദിവസങ്ങളിൽ തന്നെ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ കളക്ഷൻ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ജയിലർ ഇതുവരെ ആഗോള തലത്തിൽ 600 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ആദ്യ വാരത്തിൽ 375 കോടിയും രണ്ടാം വാരത്തിൽ 150 കോടിയും മൂന്നാം വാരത്തിൽ 75 കോടിയ്ക്ക് മുകളിലുമാണ് സിനിമയുടെ ആഗോള കളക്ഷൻ. തമിഴ് സിനിമകളിൽ തന്നെ 600 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാം ചിത്രമാണ് ജയിലർ. രജനികാന്ത്-ശങ്കർ ടീമിന്റെ 2.0 ആണ് ഇതിന് മുമ്പ് 600 കോടി ക്ലബിലെത്തിയ തമിഴ് ചിത്രം.