
ആഗോളതലത്തിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് നെൽസൺ ദിലീപ്കുമാറിന്റെ രജനികാന്ത് ചിത്രം 'ജയിലർ'. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം 10 ദിവസത്തിനുള്ളിൽ 500 കോടിയും താണ്ടി പ്രദർശനം തുടരുമ്പോൾ അയർലൻഡിൽ ചിത്രത്തിനായി സ്പെഷ്യൽ ഷോ ഒരുക്കിയിരിക്കുകയാണ്.
പ്രത്യേക ഷോയ്ക്ക് മുഖ്യാതിഥിയായത് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ആയിരുന്നു. അയർലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റർ നയാൽ ഒബ്രിയൻ സഞ്ജു തന്റെ ഇഷ്ട നടന്റെ ചിത്രത്തിന് പങ്കെടുത്ത കാര്യം സൂചിപ്പിച്ചിരുന്നു. സഞ്ജുവും ഋതുരാജ് ഗെയ്ക്വാദും ക്രീസിലുള്ളപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. താരത്തിനിത് അഭിമാന നിമിഷമായിരുന്നുവെന്നും കമന്റേറ്റർ പറഞ്ഞു.
— Prem 2.0 (@premrpk_) August 20, 2023
ഏഴാം ക്ലാസ് മുതൽ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്. സഞ്ജു കഴിഞ്ഞ മാസം രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ച ചിത്രം വൈറലായിരുന്നു. 21 വർഷത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൂടിക്കാഴ്ച്ചയിലൂടെ സാധിച്ചതെന്ന് സഞ്ജു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.