
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ബറോസ്'. സാങ്കേതിക മികവ് കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരു ഹോളിവുഡ് ടച്ചിലൊരുങ്ങുന്ന ചിത്രം വ്യത്യസ്ത ആനുഭവമാണ് മലയാളികൾക്ക് നൽകാൻ പോകുന്നതെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബർ 21ന് തിയേറ്ററുകളിലെത്തുന്ന ചിത്രം തന്നെ സംബന്ധിച്ചടത്തോളം വ്യക്തിപരമായും വളരെ പ്രത്യേകതയുള്ള സിനിമയെന്ന് പറയുകയാണ് നടൻ.
നവോദയയിൽ നിന്ന് വർഷങ്ങൾക്ക് ശേഷം നവോദയിലേക്ക് തന്നെ നടത്തി ബറോസിലെത്തിച്ചത് ഒരു പുണ്യമാണെന്ന് മോഹൻലാൽ പറയുന്നു. ലോകപ്രശസ്ത സംഗീതജ്ഞർ ഒരുക്കുന്ന ചിത്രം. ഏതു നടനാണീ ഭാഗ്യമെല്ലാമുണ്ടാകുക. ഈ സിനിമയിലും ഒരു അത്ഭുതമുണ്ട്. തിയേറ്ററിൽ അത് കാണാൻ കാത്തിരിക്കുന്നൊരു കുട്ടിയാണ് താനെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
എന്നെ മോഹൻലാലാക്കിയത് നവോദയയാണ്. നടനായി വർഷങ്ങൾക്ക് ശേഷം നവോദയിൽ വച്ചുതന്നെ ഞാൻ സംവിധാകനാകുകയാണ്. അതും തികിച്ചും അത്ഭുതം പോലെ. അന്നത്തെ ത്രീഡി സിനിമയിൽ ജോലി ചെയ്ത ടി കെ രാജീവ് കുമാറാണ് എനിക്ക് തുണയായെത്തുന്നത്. നവോദയയിൽ 'കുട്ടിച്ചാത്തൻ' എന്ന ത്രീഡി അത്ഭുത സിനിമ സൃഷ്ടിച്ച ജിജോ വളരെ കഷ്ടപ്പെട്ട് ഗവേഷണം നടത്തി തയാറാക്കിയ കഥാപാത്രത്തെയാണ് എനിക്കു നൽകിയത്. പിന്നീടത് ഞങ്ങൾ മാറ്റി എഴുതി പുതിയ സിനിമയാക്കി. ഞാനതിന്റെ സംവിധായകനുമായി, നടൻ വിശദമാക്കി.
ഹാൻസിമ്മറെപോലുള്ള ദൈവതുല്യനായ സംഗീതജ്ഞനോടൊപ്പം സംഗീതം ചെയ്തവർ ഈ സിനിമയുടെ പിന്നണി വായിക്കാനെത്തി. ഏതു നടനാണ് ഇങ്ങനെയൊരു ഭാഗ്യമെല്ലാമുണ്ടാകുക. മാർക് കിലിയനെപ്പോലെ വലിയൊരു സംഗീതജ്ഞൻ എന്റെ സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കുമെന്നത് എന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. ഓസ്കർ വേദിയിലെത്തിയ സിനിമകളിൽ ജോലി ചെയ്ത വലിയ മനുഷ്യരാണിവരൊക്കെ. മാർക് കിലിയൻ തയാറാക്കിയ സംഗീതവുമായി ഇവിടെയെത്തി നമ്മളെ കേൾപ്പിച്ച ശേഷം തിരികെ പോയി വീണ്ടും ചെയ്ത് ഇവിടേക്കു വീണ്ടും വന്നു. എന്നിട്ടു ബുഡാപെസ്റ്റിൽ പോയി 100 പീസ് ഓർക്കസ്ട്രയിലാണ് റെക്കോർഡ് ചെയ്തത്, മോഹൻലാൽ പറഞ്ഞു.
നവോദയിൽനിന്ന് വർഷങ്ങൾക്കു ശേഷം നവോദയിലേക്കുതന്നെ എന്നെ നടത്തി ബറോസിലെത്തിച്ചത് ഒരു പുണ്യമാണ്. എനിക്കു മുൻപുള്ള ആരോ ചെയ്ത പുണ്യം. ബറോസ് കാണുമ്പോൾ സൗണ്ട് ഇഫക്ട് ഒന്നുമില്ലാതിരുന്നിട്ടും എന്റെ നെഞ്ചിലെന്തോ കനംവച്ചതുപോലെ തോന്നി. ഈ സിനിമയിലും ഒരു അത്ഭുതമുണ്ട്. തിയറ്ററിൽ അതു കാണാൻ കാത്തിരിക്കുന്നൊരു കുട്ടിയാണ് ഞാനും, നടൻ കൂട്ടിച്ചേർത്തു.