
തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന 500 കോടി വിജയത്തിലേക്കെത്തിയിരിക്കുകയാണ് തലൈവരുടെ 'ജയിലർ'. നെൽസൺ ദിലീപ്കുമാറിന്റെ രജനികാന്ത് ചിത്രം ആഗോളതലത്തിലാണ് 500 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. സിനിമ ഇതിനകം തകർത്ത റെക്കോർഡുകൾക്കിടയിലെ പൊൻതൂവലാണ് ഈ 500 കോടി റെക്കോർഡും. താരത്തിനും സംവിധായകനും ആശംസകളറിയിച്ച് സോഷ്യൽ മീഡിയ ജയിലർ വിജയം ആഘോഷമാക്കുകയാണ്.
ജയിലർ മെഗാ ബ്ലേക്ക്ബസ്റ്ററാക്കിയ രജനികാന്തിന് അഭിനന്ദമറിയിച്ച് നടൻ അജിത്ത് സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിച്ചു. വെറും ഒൻപത് ദിവസം കൊണ്ടാണ് 500 കോടിയെന്ന വിജയം ജയിലർ അനായസമായി നേടിയിരിക്കുന്നത്. ഒരു തെന്നിന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ, അതിവേഗത്തിൽ തമിഴ്നാട്ടിൽ നിന്ന് 150 കോടി കളക്ഷൻ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളിൽ 400 കോടി ക്ലബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയർന്ന തമിഴ് ഗ്രോസർ എന്നിങ്ങനെയുള്ള തലക്കെട്ടുകളിലും ജയിലർ തന്നെയാണ് താരം.
ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷനിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ് ജയിലർ. കമല്ഹാസന്റെ വിക്രമാണ് ഒന്നാമത്. കർണാടകയിലും അധികം വൈകാതെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ജയിലർ മാറുമെന്നാണ് റിപ്പോർട്ട്. തെലുങ്കിലും ചിത്രം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ആകുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. യുഎസിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടുന്നതിൽ രണ്ടാം സ്ഥാനത്താണ് ജയിലർ. യുഎഇയില് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണിത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും രണ്ടാം സ്ഥാനത്താണ് ജയിലർ.