
തമിഴകത്തെ പുതിയതലമുറ സംവിധായകരില് ഏറെ ശ്രദ്ധേയനാണ് അരുണ് മതേശ്വരൻ. കരിയറിന്റെ തുടക്കം മുതൽ ശ്രദ്ധയോടെ സിനിമകൾ തിരഞ്ഞെടുക്കുന്ന ധനുഷ് അരുണിന്റെ ആദ്യ സിനിമ തിയേറ്ററുകളിലെത്തും മുമ്പാണ് 'ക്യാപ്റ്റൻ മില്ലറി'നായി കൈകൊടുത്തത്. ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിലെത്തും മുമ്പേ ഇരുവരും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാർത്തയാണ് തമിഴകത്തെ ചർച്ചാ വിഷയം.
ധനുഷിന്റെ മാനേജർ ശ്രേയസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റർ ആണ് വാർത്തയ്ക്ക് ആധാരം. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് അരുൺ മതേശ്വരനുമായി കൈകൊടുത്തെന്നും ധനുഷ് നായകനാകുന്നു എന്നും വ്യക്തമാക്കുന്നതാണ് പോസ്റ്റർ. വാർത്ത ശരിവച്ചുകൊണ്ട് ധനുഷും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
'വേലയില്ലാ പട്ടധാരി', 'നാനും റൗഡിതാൻ', 'വട ചെന്നൈ' തുടങ്ങിയ സിനിമകൾ നിർമ്മിച്ച വണ്ടർബാർ ഫിലിംസ് 2018ൽ 'മാരി 2'ന് ശേഷം സിനിമകൾ നിർമ്മിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വണ്ടർബാറിന്റെ തിരിച്ചുവരവു ചിത്രം കൂടിയാകും ഇത്.
Looking forward ♥️@ArunMatheswaran @wunderbarfilms https://t.co/wNowlrwJ4p
— Dhanush (@dhanushkraja) August 20, 2023
സംവിധാന സംരംഭം 'ഡി 50'യുടെ തിരക്കുകളിലാണ് നിലവിൽ താരമുള്ളത്. 'കർണ്ണ'ന് ശേഷം മാരി സെൽവരാജിനൊപ്പം പുതിയ സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞു. ശേഖർ കമ്മുലയ്ക്കൊപ്പം ഒരു പാൻ-ഇന്ത്യൻ സിനിമയും ആനന്ദ് എൽ റായിയുടെ ഹിന്ദി ചിത്രമായ 'തേരേ ഇഷ്ക് മേ'യും ധനുഷിന്റെതായി അണിയറയിലുണ്ട്.
അതേസമയം, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് ക്യാപ്റ്റൻ മില്ലറുള്ളത്. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിരാണ് മറ്റുതാരങ്ങൾ. 2023 ഡിസംബർ 15 ന് സിനിമ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
Story Highlights: Dhanush to team up with Arun Matheswaran again post Captain Miller