
/entertainment-new/news/2023/08/14/mammootty-was-decided-as-the-antagonist-there-is-a-reason-for-that-change-actor-vasanth-ravi-revealed
നെൽസൺ ദിലീപ് കുമാറിന്റെ ജയിലറിൽ രജനികാന്തിന്റെ മകനായി അഭിനയിച്ച നടനാണ് വസന്ത് രവി. സിനിമയിലെ നിർണായക കഥാപാത്രമായിരുന്ന താരം ഒരഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജയിലറിൽ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തിനായി നേരത്തെ ആലോചിച്ചിരുന്നത് മലയാളത്തിൽ നിന്നുള്ള ഒരു സൂപ്പർ സ്റ്റാറിനെയായിരുന്നുവെന്ന് രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. പിന്നലെ മമ്മൂട്ടി ആണ് ആ സൂപ്പർ താരം എന്ന തരത്തിലും പ്രചാരണങ്ങൾ എത്തിയിരുന്നു. നടൻ വസന്ത് രവി ഇപ്പോൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
ജയിലറിൽ വിനായകൻ ചെയ്ത വില്ലൻ കഥാപാത്രമാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു എന്ന് രജനികാന്ത് സിനിമയുടെ ലൊക്കേഷനിൽ വച്ച് തന്നോട് പറഞ്ഞിരുന്നു എന്നാണ് വസന്ത് ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വില്ലനായി മമ്മൂട്ടി സാറിനെ ആണ് ആദ്യം തീരുമാനിച്ചത്. ലൊക്കേഷനിൽ വച്ച് രജനി സാർ തന്നെ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. നെൽസൺ മമ്മൂട്ടി സാറിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ മലയാളത്തിലെ വലിയൊരു നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന് ഇങ്ങനെ ഒരു വേഷം കൊടുക്കുന്നതിൽ രജനി സാറിന് വിഷമം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു റോൾ മമ്മൂട്ടിക്ക് ചേരില്ലെന്ന് തോന്നിയതു കൊണ്ടാണ് ആ തീരുമാനം മാറ്റിയത്. തുടർന്ന് മറ്റൊരു പടം ഒന്നിച്ച് ചെയ്യാമെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നു. അത് ശരിയാണെന്ന് എനിക്കും തോന്നി, വസന്ത് രവി പറഞ്ഞു.
വിനായകൻ ചെയ്ത കഥാപാത്രം മികച്ച നിരൂപക പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി സൂപ്പർ താരങ്ങൾക്കു മുന്നിൽ വിനയകൻ പ്രതിനായകനായി തളങ്ങിയെന്നും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് വർമൻ എന്നുമാണ് പ്രേക്ഷക പക്ഷം. അതേസമയം, ജയിലർ 300 കോടിക്ക് മുകളിൽ കളക്ഷനാണ് നാല് ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ചിത്രം വരുന്ന ആഴ്ചയോടെ 500 കോടി നേടുമെന്നാണ് നിരൂപകർ പ്രവചിക്കുന്നത്.