
പ്രമുഖ കെ-പോപ് ബാന്ഡ് ആയ ബിടിഎസിന്റെ താരം കിം തേഹ്യോങ് എന്ന 'വി' സോളോ ആൽബവുമായെത്തുന്നു. ആറ് പാട്ടുകളാണ് ആല്ബത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്. 'ലേയോവർ' എന്ന പേരിൽ ആൽബം റിലീസ് ചെയ്യുമെന്ന് ബിടിഎസ് ഏജൻസി ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.
റെയ്നി ഡേയ്സ്, ബ്ലൂ, ലവ് മി എഗെയ്ൻ, സ്ലോ ഡാൻസിങ്, ഫോർ അസ്, സ്ലോ ഡാൻസിങ് പിയാനോ വേർഷൻ എന്നിവയാണ് ആൽബത്തിലെ പാട്ടുകൾ. മികച്ച ശ്രവ്യാനുഭവം ലഭിക്കുന്നതിനായി ഒന്നു മുതൽ ആറുവരെ എന്ന ശ്രേണിയായി തന്നെ പാട്ടുകൾ കേൾക്കാൻ ബിഗ് ഹിറ്റ് മ്യൂസിക്കിൻ്റെ പ്രസ്താവനയിൽ നിർദേശമുണ്ട്. സെപ്തംബർ എട്ടിനാണ് ലേയോവർ റിലീസിനെത്തുന്നത്.
ഓരോ ഗാനത്തിന്റെയും പ്രത്യേകതകളെ കുറിച്ചും ബിഗ് ഹിറ്റിന്റെ പ്രസ്താവനയിൽ വിവരിക്കുന്നുണ്ട്. മഴയുടെ ശബ്ദവുമായി വിയുടെ ശബ്ദത്തിന് സാമ്യമുണ്ടെന്ന് നിരവധി ആരാധകർ പറയാറുണ്ട്. ഇതാണ് റെയ്നി ഡേയ്സിന് പിന്നിൽ. വിയുടെ സിഗ്നേച്ചർ സ്റ്റൈലിലുള്ളതാകും 'ലവ് മി എഗെയ്ൻ'. 70-കളിലെ റൊമാന്റിക് സോൾ സ്റ്റൈലിലുള്ള ട്രാക്കാണ് 'സ്ലോ ഡാൻസിങ്.
ജെ-ഹോപ്പാണ് ബിടിഎസിൽ നിന്ന് ആദ്യമായി സോളോ ഗാനം പുറത്തിറക്കിയത്. ബാൻഡിലെ മറ്റൊരു അംഗം ജിന്നിന്റെ ആദ്യ സിംഗിള്സ് സൈന്യത്തിലേയ്ക്ക് പോകുന്നതിനു മുമ്പായി കഴിഞ്ഞ വര്ഷം റിലീസ് ചെയ്തിരുന്നു. ജെ ഹോപ്പിനും ജിന്നിനും ശേഷം ബിടിഎസിലെ പ്രധാന താരം ആർഎം ആണ് ഇനി സൈനിക സേവനത്തിന് തയാറെടുക്കുന്നത്. ബിഗ്ഹിറ്റ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊറിയയിലെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുന്നതിനു മുന്നോടിയായി ബാൻഡ് പിരിച്ചു വിട്ടിരുന്നു. 2025നുള്ളിൽ ബിടിഎസ് സംഘം മുഴുവൻ സൈനിക സേവനം പൂർത്തിയാക്കി ബാൻഡ് പുനരാരംഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.