'കുറേകാലമായി കാണാതെ പോയ മുഖ്യധാരാ ഹിന്ദി സിനിമ ഇതാണ്'; 'ആർആർകെപികെ'യെ പ്രശംസിച്ച് അനുരാഗ് കശ്യപ്

അതേസമയം '250 കോടിക്ക് സീരിയൽ എടുത്തിരിക്കുന്നു' എന്ന വിമർശനമാണ് നടി കങ്കണ ഉന്നയിച്ചത്.

dot image

'റോക്കി ഔർ റാണി കി പ്രേം കഹാനി' കരൺ ജോഹറിന്റെ ഗംഭീര തിരിച്ചുവരവായി വിലയിരുത്തുകയാണ് ബോളിവുഡ്. രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന താരങ്ങളായ ചിത്രം കരണിന്റെ 'സിഗ്നേച്ചർ സ്റ്റൈലി'ലുള്ളതാണ്. സിനിമയിലെ ജയ ബച്ചൻ, ഷബാന ആസ്മി, ധർമേന്ദ്ര എന്നിവരുടെ പ്രകടനങ്ങൾക്കും തിയേറ്ററിൽ കൈയ്യടിയുണ്ട്. 'കരണിന്റെ കരിയറിൽ ഏറ്റവും മികച്ചത്' എന്നാണ് സംവിധായകൻ അനുരാഗ് കശ്യപ് റോക്കി ഔർ റാണി കി പ്രേം കഹാനിയെ പുകഴ്ത്തിയത്.

'കരൺ ജോഹറിന്റെ സിനിമകളിൽ ഏറ്റവും മികച്ചത്. കരൺ ഒരിക്കലും തൻ്റെ കഥകളുടെ ലോകം വിട്ട് പുറത്തേയ്ക്ക് പോകുന്നില്ല, എന്നാൽ നിർബന്ധബുദ്ധിയോടെ അതിൽ തുടരുന്നുമില്ല. രണ്ടു തവണ ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറുന്ന രണ്ടാമത്തെ കരൺ ജോഹർ ചിത്രമാണ് ആർആർകെപികെ. ഹിന്ദി മെയിൻ സ്ട്രീം സിനിമകളിലെ ഡയലോഗുകൾ ഏറെ കാലത്തിനു ശേഷം ഇഷ്ടപ്പെട്ട സിനിമ കൂടിയാണിത്. ആളുകൾ അവർ സംസാരിക്കുന്നതു പോലെതന്നെ സിനിമയിലും സംസാരിച്ചിരിക്കുന്നു. പഴയ ഹിന്ദി ക്ലാസിക്ക് ഗാനങ്ങളെ ട്രോൾ ചെയ്തുകൊണ്ടും സ്പൂഫ് ചെയ്തുകൊണ്ടുമുള്ള രീതി വ്യക്തിപരമായി ഞാനേറെ ആസ്വദിച്ചു. നന്നായി ആസ്വദിച്ചും ചിരിച്ചും കരഞ്ഞുമാണ് തിയേറ്റർ വിട്ടത്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും രണ്ടു തവണ ഞാൻ സിനിമ കണ്ടു. കുറേകാലമായി കാണാതെ പോയിരുന്ന മുഖ്യധാരാ ഹിന്ദി സിനിമ ഇതാണ്..,' എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ബോളിവുഡ് നടി ശില്പ ഷെട്ടിയും സിനിമയെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. ചിത്രത്തിലെ രൺവീർ സിംഗിൻറെ മുഖം തൻറെ ജാക്കറ്റിൽ പതിപ്പിച്ചാണ് ദീപിക പദുകോൺ സിനിമ കാണാനെത്തിയത്. അതേസമയം '250 കോടിക്ക് സീരിയൽ എടുത്തിരിക്കുന്നു' എന്ന വിമർശനമാണ് നടി കങ്കണ ഉന്നയിച്ചത്.

ഹിന്ദി സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്ന കാലത്ത് ആർആർകെപികെ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തൽ. ഇഷിത മൊയ്ത്രയും ശശാങ്ക് ഖൈതാനും ചേർന്നാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'ക്ക് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ സഹ നിർമ്മാതാവുമാണ് കരൺ ജോഹർ.

dot image
To advertise here,contact us
dot image