
കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് കന്നഡ സിനിമയുടെ തലവര മാറ്റിയ ത്രയമാണ് റിഷബ്-രക്ഷിത്-രാജ് ബി ഷെട്ടിമാർ. പുതിയകാല സിനിമ നിർമ്മാണത്തിൽ സ്വന്തമായൊരിടം കണ്ടെത്താൻ മൂന്നുപേർക്കും സാധിച്ചിട്ടുമുണ്ട്. രാജ് ബി ഷെട്ടിയുടെ 'ഗരുഡ ഗമന വൃഷഭ വാഹന'യിൽ റിഷബ് ഷെട്ടി ഉണ്ടായിരുന്നു. റിഷബിന്റെ 'കാന്താര'യുടെ ക്ലൈമാക്സിൽ ഭൂതക്കോലയുടെ നൃത്തസംവിധാനം നിർവഹിച്ചത് രാജ് ആയിരുന്നു. രക്ഷിതിന്റെ '777 ചാർലി'യിൽ രാജ് തിരക്കഥയിൽ സഹകരിക്കുകയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. തുഗ്ലക്, ഉളിദവരു കണ്ടന്തേ, കിരിക് പാർട്ടി എന്നീ ചിത്രങ്ങളിൽ രക്ഷിതും റിഷബും ഒന്നിച്ചു.
ഈ സിനിമകളുടെ വിജയം കണക്കിലെടുത്ത് സമൂഹമാധ്യമങ്ങളിൽ മൂവരെയും ചേർത്തു വിളിക്കുന്നത് 'ആർആർആർ' എന്നാണ്. മൂന്നുപേരും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് കന്നഡ സിനിമാ പ്രേമികൾ. അങ്ങനെയൊരു സിനിമ എന്നു സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് രാജ് ബി ഷെട്ടി. 'ഞങ്ങൾ മൂന്നുപേരും ഒന്നിക്കേണ്ട ഒരു സിനിമ രക്ഷിത് എഴുതി പൂർത്തിയാക്കിക്കഴിഞ്ഞു. ചില കാരണങ്ങൾകൊണ്ട് അതിപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ എല്ലാം ഒത്തുവന്നാൽ പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ഞങ്ങൾ സ്ക്രീനിൽ ഒന്നിക്കും,' രാജ് പറഞ്ഞു.
അതേസമയം, രാജ് എഴുതി അഭിനയിച്ച 'ടോബി' ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തുകയാണ്. നിരവധി സിനിമകളിൽ രാജിന്റെ സഹസംവിധായകനും മലയാളിയുമായ ബേസിൽ എ എൽ ചാലക്കൽ ആണ് ടോബിയുടെ സംവിധായകൻ. ഒരു റിവഞ്ച് ഡ്രാമയാണ് ചിത്രമെന്നും ഇതുവരെയുള്ളതിൽ തനിക്കേറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊജക്റ്റ് ടോബിയാണെന്നുമാണ് രാജ് പ്രതികരിച്ചത്. നിലവിൽ കന്നഡയിൽ മാത്രമാണ് ടോബിക്ക് റിലീസുള്ളത്. കർണാടകയിലെ ബോക്സ് ഓഫീസ് കണക്കുകൾ പരിഗണിച്ചാകും മറ്റുഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത് പരിഗണിക്കുക.