
ഇന്ത്യൻ താര സുന്ദരിമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരാണ് നയൻതാരയും ഐശ്വര്യ റായ്യും പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമൊക്കെ. തെന്നിന്ത്യൻ സിനിമയെ അപേക്ഷിച്ച് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് നടിമാരാണ്. എന്നാൽ ഇവർ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതിയാണ് ഈ തെന്നിന്ത്യൻ താരം മൂന്ന് മിനിറ്റ് ചിത്രീകരണത്തിന് വേണ്ടി വാങ്ങിയിരിക്കുന്നത്.
അല്ലു അർജുൻ നായകനായെത്തി ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രം 'പുഷ്പ'യ്ക്കുവേണ്ടി നടി സാമന്തയാണ് റെക്കോർഡ് പ്രതിഫലം വാങ്ങിയത്. റിലീസിനു മുൻപ് തന്നെ ആഗോള തലത്തിൽ തന്നെ ഹിറ്റായത് പുഷ്പയിലെ ''ഉ അണ്ടാവ...'' എന്ന നൃത്ത ഗാനമായിരുന്നു. പാട്ടിനു ചുവടുവെച്ചത് സമന്തയും. ഒരു മിനിറ്റിന് 1.7 കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയാണ് സാമന്ത.
സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. നിലവിൽ നിർമ്മാതാക്കളിൽ നിന്ന് വാങ്ങിയ അഡ്വാൻസ് നടി തിരികെ നൽകിയെന്നാണ് റിപ്പോർട്ട്.